Pages

Wednesday 26 June 2013

കുട്ടായിത്തൂക്കം

               


            കുട്ടായി  ആടിക്കൊണ്ടിരിക്കുകയായിരുന്നു.ആട്ടം  എന്ന് പറയുന്നതിനേക്കാൾ  വൃത്തം വരയ്ക്കൽ എന്ന് പറയുന്നതാവും ഉചിതം.കഴുത്തിൽ കെട്ടിയ ഒറ്റക്കയർകുരുക്കിൽ കിടന്നു കാറ്റിന്റെ സഹായത്താൽ പതുങ്ങനെ ഓരോ വൃത്തവും വായുവിൽ സ്വശരീരത്താൽ കുട്ടായി ചമച്ചു കൊണ്ടിരുന്നു . ആ ചമൽക്കാരഭംഗി നോക്കിനോക്കി താഴെ ആളുകൾ കൂടി നിന്നു . കൂട്ടത്തിൽ മുകളിലേക്കു നോക്കി  അപ്പായെന്താ ഇറങ്ങി വരാത്തതെന്ന് ആവലാതിപ്പെട്ടു കൊണ്ടിരുന്ന രണ്ടു കുഞ്ഞുമക്കളും ഉണ്ടായിരുന്നു .അതുകേൾക്കാതെ കുട്ടായി വൃത്തരചന  തുടർന്നു.ഒറ്റയായും കൂട്ടായും ആളുകൾ ടാറിട്ട പാതയിലൂടെ കുട്ടായിയുടെ തൂക്കത്തെയും വൃത്ത രചനയെയും  ആസ്വദിക്കുവാൻ വന്നുകൊണ്ടെയിരുന്നു.

             പാതയുടെ വശത്തായുള്ള മയിലെള്ള്  മരത്തിലാണ് കുട്ടായിത്തൂക്കം. റോഡിനു താഴെയുള്ള വീട്ടിന്റെ വരാന്തയിൽ നിന്നും നോക്കിയാൽ നന്നായി കാണാം.വീട്ടിലെക്കിറങ്ങുന്ന വഴിയുടെ തുടക്കത്തിലാണ്‌ ആ മയിലെള്ള്  നില കൊള്ളുന്നത്‌. .പച്ചിലത്തഴപ്പു പൊതുവെ ശുഷ്കമായ ആ മയിലെള്ളിൽ ഒടിഞ്ഞു തൂങ്ങിയ പുതിയൊരു ശാഖയായി കുട്ടായി നിലകൊണ്ടു .മെലിഞ്ഞ ഈർക്കിൽ ശരീരവും അതിന്റെ  അവസാന പാതിയെ മറച്ചിരുന്ന പച്ചകൈലിയും കൂടി  ആ പുതിയ ശാഖയുടെ ഇനിയും വാടാത്ത പച്ചില സമൃദ്ധിയായ്  തോന്നപ്പെട്ടു .

           ഇന്നലെ വരെ കാണാതിരുന്ന ആ ശാഖയുടെ പുതിയ കിളിർപ്പ് ആദ്യമായി കണ്ടത് കുട്ടായിയുടെ അമ്മ തന്നെയായിരുന്നു.രാവിലെ ഓലിയിലെ വെള്ളം വൃത്തിയാക്കുവാൻ വേണ്ടി മുറ്റത്ത് ഇറങ്ങിയതായിരുന്നു അവർ . ഇരട്ടകളായ കൊച്ചുമക്കളും പിന്നാലെ വന്നു .അവരാണ് ആദ്യം വെല്ല്യമ്മയോട്‌  ചോദിച്ചത്:അതെന്താ അപ്പാ മരത്തിൽ കേറി നില്ക്കുന്നത്?  ഒറ്റനോട്ടമേ  നോക്കിയുള്ളൂ; വല്യമ്മ ഒറ്റനിലവിളിയായ് കുഴഞ്ഞുവീണുപോയി.പിന്നെ എഴുന്നേറ്റതും എഴുന്നെല്പ്പിച്ചതും എപ്പോഴെന്നും ആരെന്നും ആയമ്മയുടെ അബോധത്തിൽപ്പോലും  തെളിഞ്ഞുവന്നില്ല.അകത്തെ കട്ടിലിൽ കിടക്കുമ്പോൾ അടുത്ത് ആശ്വാസവാക്കുകളോ ശാപവാക്കുകളോ ഒന്നും ഉരുവിടാതെ എന്നാൽ ഒട്ടും നിസംഗയല്ലാതെ റബീക്ക  നിന്നിരുന്നു . ആദ്യം ഓടിവന്നത് അയല്പ്പക്കം  എന്ന് പറയാനാവാത്ത  ദൂരത്തിൽ നിന്നും റബീക്കയാണോ  എന്ന് അവർ ചിന്തിച്ചെങ്കിലും അതിനു മുൻപേ അവരുടെ മനോമുകുരത്തിൽ മകൻ കുട്ടായിയുടെ ഗരുഡൻ  തൂക്കം ആന്ദോളനമുയര്ത്തുകയും  മറ്റെല്ലാം അതിൽ മുങ്ങിപ്പോവുകയും ചെയ്തു.

       അതിനു വേണ്ടി തന്നെയായിരുന്നു കുട്ടായി ആ മയിലെള്ള്  തന്നെ തന്റെ ദൌത്യത്തിനായി തിരഞ്ഞെടുത്തത് . നേരം വെളുക്കുമ്പോൾ തന്നെ വീട്ടുകാർ ആദ്യം കണ്ണ് മിഴിക്കുന്നത് തന്റെ തൂക്കം കണി കണ്ടുകൊണ്ടായിരിക്കണം എന്ന് കുട്ടായിക്ക്‌ നിർബന്ധമായിരുന്നു.ആ വാശി വിജയിച്ചു . ആദ്യം ആര് കാണണമെന്ന് കുട്ടായി അവസാനമായി ആഗ്രഹിച്ചുവോ അതെയാൾ തന്നെ അവനെ കണ്ടു .സ്വയം തോറ്റുകൊണ്ട് കുട്ടായി നേടിയ വിജയമായിരുന്നു മയിലെള്ളിലെ ഒറ്റക്കയർക്കുരുക്കിലെ ആ തൂക്കം.ആ വിജയത്തിൻറെ കൊടിയടയാളമായി അവൻ സ്വയം നിലകൊണ്ടു.

     കുട്ടായിയുടെ ബൈക്ക് മൂകസാക്ഷിയായി മയിലെള്ളിനു ചുവട്ടിൽ ഒറ്റസ്ടാന്റിൽ ചെരിഞ്ഞു നിൽപ്പുണ്ടായിരുന്നു.കുട്ടായിയുടെ ജീവശ്വാസമായിരുന്ന അതിന്റെ, തലയിലെ ഒറ്റക്കണ്ണ് അവൻറെ തൂക്കത്തിനു നേരെ പാർശ്വവീക്ഷണം നടത്തിക്കൊണ്ടിരുന്നു.പുലർച്ചെ പെയ്ത മഞ്ഞുകണങ്ങൾ കണ്ണീർ കണക്കെ ആ ഒറ്റക്കണ്ണിൽ പറ്റിനിന്നിരുന്നു. കുട്ടായി അവസാനമായി അതിൻറെ മെലിരുന്നാണ് മദ്യപിച്ചത്.പിന്നെ അതിൻറെ വാലറ്റത്ത്‌ വിവിധോദ്യേശങ്ങൾക്കായി കെട്ടിവെച്ചിരുന്ന കയർ അഴിച്ചെടുത്തു ബാക്കിവന്ന മദ്യക്കുപ്പിയുമായി മയിലെള്ളിലേക്ക് വലിഞ്ഞു കയറി.കയറിൽ ഒറ്റക്കുരുക്കിട്ടു കഴുത്തിൽ ചാർത്തി  കുപ്പിയിലെ അവസാനതുള്ളി വീര്യവും ഉള്ളിലേക്കു നുണഞ്ഞിറക്കി കുപ്പി ഭദ്രമായി കവരത്തിൽ വെച്ചു കാത്തിരുന്നു.മരണത്തിലേക്ക് എടുത്തു ചാടുവാനുള്ള ആ നിമിഷത്തിനായുള്ള കാത്തിരിപ്പ്‌.. ആ കാത്തിരിപ്പ്‌ എപ്പോൾ അവസാനിച്ചു എന്നു കൃത്യമായി പറയാൻ കഴിയുന്ന ഒരേയൊരാൾ അതായിരുന്നു.

     കൂട്ടമായും ഒറ്റയായും വന്നുകൂടിക്കൊണ്ടിരുന്ന കാണികൾക്കിടയിൽ മർമ്മരമായി ഒരു കാറ്റു വീശിത്തുടങ്ങിയിരുന്നു .കുട്ടായിയെ കൊന്നത് അവന്റെ അമ്മ തന്നെയാണ്.അവന്റെ അമ്മ തന്നെയാണ്.ആ മർമ്മരക്കാറ്റിന്റെ ലയതാളം അതായിരുന്നു .ആ സഹാനുഭൂതി നിറഞ്ഞ കാറ്റു വന്നു  തൂക്കത്തിന്റെ ആന്ദോളനത്തിൽ ലയിച്ചിരിക്കുന്ന കുട്ടായിയെ പലപ്പോഴും തൊട്ടുരുമ്മിപ്പോയി.
     
      ഏതെങ്കിലും അമ്മ തന്റെ മക്കളെ വെറുക്കുമോ?അതും തന്നെ പൊന്നുപോലെ നോക്കുന്ന  മകനെ. അവരെക്കൊണ്ടു അവന്റെ ശവം തീറ്റിക്കണം എന്നുവരെ അഭിപ്രായപ്രകടനം ഉയർന്നു .

      ഒറ്റപ്പെടുത്തലിന്റെ വേദന വിശിഷ്യാ അമ്മയിൽ നിന്നും ഉണ്ടാകുമ്പോൾ ആർക്കു പിടിച്ചു നിൽക്കുവാനാകും.നാലു മക്കളിൽ എന്തുകൊണ്ടോ ഏറ്റവും കൂടുതൽ അമ്മ വെറുത്തിരുന്നത് തന്നെയാണെന്ന് കുട്ടായി പലപ്പോഴും പലരോടും പറഞ്ഞിരുന്നു.ആ വെറുപ്പിന്റെ കാരണം അജ്ഞാതമായിരുന്നു. ഓർമ്മ വെച്ചനാൾ മുതൽ കുട്ടായി അനുഭവിക്കുന്നു ആ വെറുപ്പ്‌. നാലാമനായി ജനിച്ചതാണോ താൻ ചെയ്ത തെറ്റെന്നു കുട്ടായി  പലപ്പോഴും ചിന്തിച്ചിരുന്നു.

    മൂത്ത മൂന്നു മക്കൾക്കും അമ്മ സ്നേഹം വാരിക്കൊരിക്കൊടുക്കുമ്പോൾ കുട്ടായിയ്ക്ക് പിച്ച യാചിക്കെണ്ടിവന്നിട്ടുണ്ട് പലപ്പോഴും അമ്മയ്ക്കുമുന്നിൽ.ഗതികേടിന്റെ അങ്ങേയറ്റത്തു നിൽക്കുമ്പോഴും  കുട്ടായി ഒരിക്കലും അമ്മയെ വെറുത്തിരുന്നില്ല.മറ്റു മൂന്നു മക്കളും വെവ്വേറെ പോയപ്പോഴും തറവാട്ടിൽ അമ്മയ്ക്കു കൂട്ടായിനിന്നു കുട്ടായി.

    കുട്ടായിയോടു  മാത്രമല്ല കുട്ടായി മിന്നുകെട്ടിക്കൊണ്ടുവന്ന പെണ്ണിനോടും അവർ വിദ്വേഷം കാണിച്ചിരുന്നു.കുട്ടായിയുടെ  ഇരട്ടക്കുട്ടികളോടും. അവളോട്‌ വഴക്കടിക്കുമ്പോഴോ കുട്ടികളെ ചീത്ത പറയുമ്പോഴോ മറ്റൊപോലും കുട്ടായി അമ്മയ്ക്കെതിരെ പ്രതികരിച്ചിരുന്നില്ല.അമ്മയുടെ സ്വഭാവം എന്നെങ്കിലും മാറും എന്ന് കുട്ടായി ഭാര്യയോടു പ്രത്യാശപ്പെട്ടു;അവളെ ആശ്വസിപ്പിച്ചു.

      കുട്ടായിയുടെ ആ പ്രത്യാശ അസ്തമിച്ചത് അമ്മ വഴക്കടിച്ചു മൂത്ത മകൻറെ വീട്ടിലേക്കു പോവാൻ ഇറങ്ങിയതോടെയാണ്.അമ്മ തൻറെ ഓഹരി സ്വത്ത്  മുഴുവനും മൂത്ത മകന്റെ പേരിലേക്കു ഇഷ്ടദാനം എഴുതിവെച്ചു താൻ അവൻറെ വീട്ടിലേക്കു താമസം മാറാൻ പോകുന്നു എന്നു പ്രഖ്യാപിച്ചതോടെയാണ്.അമ്മ സ്വത്ത് വിട്ടുകൊടുക്കുന്നതിൽ കുട്ടായിക്ക്‌ എതിർപ്പില്ലായിരുന്നു .അമ്മ വിട്ടുപോകരുത്‌ .അതുമാത്രമായിരുന്നു അവൻറെ ആവശ്യം.പക്ഷെ ആ ആവശ്യം നിരാകരിച്ചുകൊണ്ട്‌ ഇന്നേക്കു പുറപ്പെടാൻ തയ്യാറായിരിക്കുകയായിരുന്നു അവന്റെ അമ്മ.
 
   കട്ടിലിൽ റബീക്കയുടെ അരികിൽ ഇരിക്കുമ്പോൾ കുട്ടായിയുടെ അമ്മയുടെ കണ്ണുകൾ താൻ പോകുവാനായി ഒരുക്കിവെച്ചിരുന്ന ഭാണ്ടക്കെട്ടിൽ പതിഞ്ഞു.അതു താറുമാറാക്കി വസ്ത്രങ്ങൾ വാരിവലിച്ചിട്ടിരുന്നു.കാർന്നോന്മാരുടെ ചില്ലിട്ട ചിത്രങ്ങൾ നൂറു കഷ്ണങ്ങളായി കിടന്നിരുന്നു.എല്ലാം കുട്ടായി തന്റെ അമ്മയോട് ആദ്യമായും അവസാനമായും വഴക്കിട്ടതിന്റെ നേർചിത്രമായിരുന്നു.കുട്ടായിയുടെ അമ്മ പെട്ടെന്ന് പൊട്ടിക്കരയാൻ ആരംഭിച്ചു.പുറത്തു മയിലെള്ളിൽ  കുട്ടായിയുടെ വൃത്തരചന  ഏതോ കാണിയുടെ മൊബൈൽകാമറ ഒരെക്കിട്ടത്തോടെ ഒപ്പിയെടുത്തു.

    

Thursday 13 June 2013

നൂറ്റിരണ്ടാമത്തെ ഇര

               

 

                    മുറിയാകെ നിറഞ്ഞ   മാദകഗന്ധം മാഞ്ഞു പോയിട്ടില്ലായിരുന്നു ;നിരുപമ, ജലകണങ്ങൾ ഇറ്റുവീഴുന്ന  മുടിയിഴകളുമായി  ബാത്ത് റൂമിൽ നിന്നും ഇറങ്ങി വരുമ്പോഴും.അല്പം  മുൻപ് അരങ്ങേറിയ മാംസയുദ്ധത്തിന്റെ  ബാക്കിപത്രമായി അലങ്കോലപ്പെട്ടു കിടക്കുന്ന ബെഡ്ഡോരത്തെ ചാരുകസാരയിൽ മറ്റൊരലങ്കോലമായി കണ്ണുകളടച്ചു ചാരിക്കിടക്കുന്ന നന്ദഗോപൻ അവളുടെ സാന്നിധ്യം പിയേഴ്സ് മണമായി തിരിച്ചറിഞ്ഞു .കുറ്റബോധത്തെ വളയങ്ങളായി പുകച്ചു പുറത്തു ചാടിക്കുവാനുള്ള പാഴ്ശ്രമത്തിൽ മുഴുകിയിരിക്കുന്ന നന്ദഗോപനെ  നിരുപമയുടെ ചുണ്ടുകൾ ഒരുവശത്തേക്ക്‌ കോട്ടിക്കളഞ്ഞു.

             "കുറ്റബോധം തോന്നുന്നുണ്ടോ നന്ദന് ?"സഹതാപത്തെക്കാളേറെ പരിഹാസമായിരുന്നു ആ ചോദ്യത്തിൽ. ചോദ്യത്തിന് മുൻപെ നന്ദന്റെ തോളിൽ അർപ്പിക്കപ്പെട്ട നിരുപമയുടെ  കരവല്ലികളിലൊരെണ്ണം പക്ഷേ കടുത്ത സഹതാപത്തിലെന്നവണ്ണം താരള്യം നടിച്ച് അവനെ വഞ്ചിച്ചു.

               തൊട്ടുമുൻപ് താൻ കടിച്ചു ചവച്ചു നീരൂറ്റി കുടിച്ച മാംസളത ഇപ്പോൾ അകാരണമായി ഒരു ജുഗുപ്സ ജനിപ്പിക്കുന്ന വസ്തുവായി  മാറിയിരിക്കുന്നു എന്ന് നന്ദൻ കത്തിത്തീർന്ന സിഗരറ്റുകുറ്റിയെ ചവിട്ടിഞെരിച്ച്‌ അതിശയിച്ചു. തീക്കട്ട പോലുള്ള ചുണ്ടിണകളിൽ നിന്നും ലാലാരസം ഉറുഞ്ചിയെടുത്തു  മധുകണം കണക്കെ വിഴുങ്ങിയത് ; അനിർവചനീയ ഗന്ധം നുകർന്നു  മുലക്കുന്നുകൾക്കിടയിൽ മുഖമിട്ടുരുട്ടിയും മുഖം പൂഴ്ത്തിയും കളിപ്പന്തു കണക്കെ അമ്മാനമാടിയതു ; പിന്നെയാ നാഭീതാഴ്വരയിലൂടെ താഴേക്കു ചെന്ന് ഏതു ഗണിതജ്ഞനെയും നക്ഷത്രമെണ്ണിക്കുന്ന ത്രികോണമിതിയെ രസനയാൽ അളന്നെടുത്തു പുതിയ സമവാക്യങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചത്; പിന്നെ സ്ത്രൈണതയുടെ പുകയുന്ന അഗ്നിപർവതമുഖത്തേക്ക് പൌരഷത്തിന്റെ മേഘവിസ്ഫോടനങ്ങളായി ആർത്തലച്ചുവീണത്‌..... .......എല്ലാം ഒരു ഞൊടിയിൽ നന്ദൻറെ ഓരോ ഇന്ദ്രിയങ്ങളിലും പുന:സൃഷ്ടിക്കപ്പെട്ടു.കണ്ണുകൊണ്ടു കണ്ടതും നാവു കൊണ്ടു രുചിച്ചതും മൂക്കു കൊണ്ടറിഞ്ഞതും ഒക്കെ നന്ദനിൽ കുറ്റബോധമായി പുനർജനിച്ചു.

                "വേണ്ടായിരുന്നു  നിരുപമ  ഇത് ...എനിക്കെന്തോ വല്ലാതെ.."

          "ഛെ .ഇങ്ങനെ സില്ലിയാവല്ലേ നന്ദൻ...ഇതൊക്കെ ആണിനും പെണ്ണിനും പറഞ്ഞു വെച്ചിട്ടുള്ളതല്ലേ....?" പരിഹാസത്തിന്റെ പഞ്ചസാരക്കൂന നാവിൽ പൊത്തിവെച്ചു നിരുപമ നുണഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നന്ദൻ അറിഞ്ഞതേയില്ല.

          "എന്നാലും മാരിയേജിനു മുൻപ് ഇങ്ങനെ ഒന്നു ഞാൻ  സങ്കൽപ്പിച്ചിരുന്നില്ല...
പറയുമ്പോൾ ഞാനൊരു പഴഞ്ചനാണെന്ന് തോന്നിയേക്കാം. എന്നാലും പറയുകയാ..മാര്യേജിനുശേഷം എല്ലാ പരിശുദ്ധിയോടുംകൂടി നിരുപമയെ ...."നിരുപമയുടെ പൊട്ടിച്ചിരിയിൽ അവൻറെ വാക്കുകൾ മുങ്ങിപ്പോയി.
 
            "അതിന് ആരു മാര്യേജ് ചെയ്യുന്നു ! നന്ദനെന്താ തലയ്ക്കു വട്ടുണ്ടോ ?"അവൾ പൊടുന്നന്നെ അവനിൽനിന്നും പരമപുച്ഛത്തിന്റെ ഒറ്റത്തുരുത്തിലേക്ക് അടർന്നുമാറി.താനെന്ന വൻകര ആ അടർച്ചയുടെ ഒറ്റനിമിഷത്തിൽ കടലാഴത്തിലേക്ക് താണുപോയെന്നു നന്ദനു തോന്നി.

              നന്ദൻറെ പകപ്പ് നിരുപമയ്ക്കു ഇന്ധനമായി ഭവിച്ചു."ഞാൻ ഇനിയാ സത്യമങ്ങു തുറന്നു പറഞ്ഞേക്കാം...ഞാൻ നന്ദനെ പ്രണയിച്ചത് ഇതിനു വേണ്ടി മാത്രമായിരുന്നു.."കിടക്കയിൽ അലക്ഷ്യമായിട്ടിരുന്ന ബാഗിൽ നിന്നും പുറത്തേക്കെടുക്കപ്പെട്ട ഡയറിയുടെ നീലത്താളുകൾ ഒരു ഭ്രമാത്മകസ്വപ്നത്തിലെന്നവണ്ണം നന്ദനുമുന്നിലേക്ക്‌ വിടർത്തപ്പെട്ടു.ഉറയിൽ നിന്നുമൂരപ്പെട്ട ചെമന്ന മഷിപ്പേന ആ താളുകളിലൊന്നിൽ കുനുകുനാ എഴുതിനിറച്ചതിനടിയിലായി കുത്തിനിർത്തി നന്ദൻറെ കണ്ണുകളിലേക്കൊരു തീനോട്ടം കൊരുത്തു നൂറ്റിരണ്ടെന്നു അമർത്തി വരഞ്ഞു,അവൾ ;സമാന്തരമായി നന്ദനെന്ന പേരിനെ വടിവൊത്ത അക്ഷരങ്ങളിൽ കൊത്തിവരയുകയും ചെയ്തു.

          " എൻറെ നൂറ്റിരണ്ടാമത്തെ ഇരയാണ് നന്ദൻ...!"ഇരയോടുള്ള ഒരുതരം ക്രൌര്യം കലർന്ന വാത്സല്യം അവളുടെ ചുണ്ടിൽ പതഞ്ഞത് താൻ നേരത്തെ അതികാമം നുണഞ്ഞ അതേ  ചുണ്ടുകളിൽ തന്നെയാണല്ലോ എന്ന ചിന്ത ഒരു നെടുവീർപ്പൂവായി നന്ദനിൽ വിടർന്നുപൊള്ളി.ആ പൊള്ളലിൽ വീർത്ത കുമിളകൾ പൊട്ടിയൊലിച്ചു.നന്ദൻ ആ ഒലിപ്പിൽ ലയിച്ചു.

             "നന്ദൻ വിഷകന്യക എന്നു കേട്ടിട്ടില്ലേ ?"നിരുപമയുടെ ശബ്ദം ആഹ്ളാദത്തിന്റെ  വായ്‌ക്കുരവയായ്  നന്ദനെ ആ ലയത്തിൽനിന്നും വിടർത്തി."അതുപോലൊന്നാണ്  ഞാനും ..എയിഡ്സ്കന്യക...! എന്നെ പ്രാപിക്കുന്നവർക്കെല്ലാം ഞാൻ മരണം പകർന്നു നൽകുന്നു.വെറും മരണമല്ല;തീരാദുരിതവും പേറിയുള്ള മരണം..."ഇരുമ്പുകൂടം നിറുകിൽ പതിഞ്ഞകണക്ക് മരവിച്ചിരിക്കുന്ന നന്ദൻറെ ദൈന്യമുഖം നിരുപമയെ ആവേശഭരിതയാക്കി."നീ ഒരു പാവമാണ്‌ നന്ദാ...ഞാൻ കണ്ടിട്ടുള്ള ആണുങ്ങളിൽ വെച്ചേറ്റവും മുയൽക്കുഞ്ഞ്..! പക്ഷെ എത്ര പാവമായാലും ആണ് ആണ് തന്നെയാണ് ......! അതുകൊണ്ട്തന്നെ എനിക്കിതു പറയാതിരിക്കുവാൻ വയ്യ ... " കിതപ്പ കൊന്ന ഒരു നിമിഷത്തെ ബാക്കിയാക്കി  നിരുപമ പൂർവാധികം വീറു പൂണ്ടു. " ഇരുപതാമത്തെ വയസ്സിൽ എൻറെ ചെറിയച്ചൻ എനിക്കു ബലമായി പകർന്നു നല്കിയത് ഞാൻ മറ്റു പുരുഷന്മാർക്ക് പകർന്നു നല്കുന്നു.അടങ്ങാത്ത കാമവുമായി സ്വന്തം മകളെപ്പോലും പ്രാപിക്കാൻ മടിക്കാത്ത പുരുഷവർഗത്തെ ഒരു പാഠം പഠിപ്പിക്കാൻ..!ഇതിനു മുൻപത്തെ എന്റെ ഇര എന്നെ നിനക്കു പരിചയപ്പെടുത്തിയ സന്ദീപ്‌ രാമനാണ്...അവൻ ഇന്ന് തീരാദുരിതവും പേറി ആശുപത്രികളിലേക്ക് തീർഥാടനം നടത്തുന്നു...ഇനി നിന്റെ ഗതിയും അതു തന്നെ നന്ദൻ ..." ആർത്തലറിചിരിച്ച് നിരുപമ ഗുഡ്ബൈ ചൊല്ലി പിരിഞ്ഞിറങ്ങുമ്പോൾ നന്ദൻ തകർന്നടിഞ്ഞു  വീണുകഴിഞ്ഞിരുന്നു;ഇനിയൊരിക്കലും എഴുന്നെൽക്കാനാവാത്ത വിധം!
Related Posts Plugin for WordPress, Blogger...