Monday, 24 September 2012

മൂവര്‍ പാര്‍ട്ടി


       
                   
 

                      "കയ്യിലെ ഹാന്‍ഡ്‌ സെറ്റ് പെണ്ണിനെപ്പോലെയും വീട്ടിലിരിക്കുന്ന പെണ്ണ് ഹാന്‍ഡ്‌ സെറ്റിനെപ്പോലെയും ആവണം...!"വാതില്‍ക്കല്‍ രണ്ടു വട്ടം ബെല്ലടിച്ചു കാത്തു നില്‍ക്കേണ്ടി വന്നതിന്റെ നീരസം രാജേശ്വരന്‍ ബിലീനയുടെ നേരെ കാണിച്ചുകൊണ്ട് ബെഡ് റൂമിലേക്ക്‌ പോകുമ്പോള്‍ പറഞ്ഞത് ഈ വാചകമായിരുന്നു.ഈ വാചകം കുറെ നേരമായി രാജെശ്വരന്റെ ചെവിയില്‍ നിന്നും തലച്ചോറിലേക്കും തിരിച്ചും ഒരു ചാക്രിക ചലനമായി അലയടിച്ചുകൊണ്ടിരിക്കുകയായിരുന്നു. റിംഗ സാവിയോ സണ്ണി  എന്ന റിംഗയല്ല  റൂബന്‍ പോളാണ് ആ വാചകം പറഞ്ഞതെന്ന് കൃത്യമായി രാജെശ്വരന്‍ തന്റെ 'ബ്ലഡി മേരി'ക്കൊപ്പം പുളയ്ക്കുന്ന ബോധത്തില്‍ നിന്നും ഓര്‍ത്തെടുത്തു.നുരഞ്ഞു തുടങ്ങുന്ന 'ബ്ലഡി മേരി'യുടെ ലഹരിയില്‍ ഉന്മാദചിത്തനായി അലറിച്ചിരിച്ചതിന്റെ ഓര്‍മ്മാവശിഷ്ടങ്ങള്‍ , തലേ രാത്രിയിലെ  ര്‍ദ്ദില്‍ ശകലങ്ങള്‍ വാഷ്ബെസിനിന്റെ വക്കില്‍  കിടക്കുന്നതുപോലെ അയാളുടെ തലച്ചോറിന്റെ വിളുമ്പില്‍ തെളിഞ്ഞു വന്നു .ഒരു തലകുടച്ചിലില്‍ ആ ഓര്‍മ്മ കീഴ്മേല്‍ മറിഞ്ഞു മറ്റുപലതിനേയും അടിയിലേക്ക് തള്ളി മുകള്‍തട്ടിലേക്ക്‌ പൊന്തിവന്ന് , സ്വയംനിന്ദാ സൂചകമായൊരു ചിരിയായി രാജെശ്വരന്റെ ചുണ്ടില്‍ വക്രീകരിക്കപ്പെട്ടു.
                       "ഷിറ്റ് ...!എന്തോന്നാ ഇത്ര കണ്ടു കിളിക്കാന്‍ ...?" നേരത്തെ കാതില്‍  കൂടുകൂട്ടിക്കഴിഞ്ഞിരുന്ന റൂബന്റെ പല്ലിറുക്കല്‍  ഓര്‍മ്മക്കാട്ടില്‍ ചിറകുകുടയുമ്പോള്‍ രാജെശ്വരന് മന്ദഹസിക്കാതിരിക്കാനായില്ല. 
 റൂബന്‍ പോള്‍ താന്‍ പുതിയ ഐ ഫോണ്‍ വാങ്ങിയതിന്റെ പാര്‍ട്ടിയായിരുന്നു അത് .എന്തിനും ഏതിനും ചില്ലുപാര്‍ട്ടി അനിവാര്യമായ ഒരു കാലത്തില്‍ പുതിയൊരു ഐഫോണ്‍ വാങ്ങുക എന്നത് ഒരു സംഭവമല്ലാതിരിക്കിലും വലിയൊരു സംഭവമായി കൊണ്ടാടപ്പെട്ട പാര്‍ട്ടി. ഐ ടി പാര്‍ക്കിലെ ടെക്കിക്കൂട്ടത്തിലെ മൂവര്‍ സംഘം ഒത്തുചേരുന്ന മൂവര്‍പാര്‍ട്ടികളില്‍ ഒന്ന്...       
     
                       ""ഇതെന്താ പേടകം മാതിരി ഒരെണ്ണം...ഞാന്‍ കരുതി വല്ല സ്യൂട്ട് കെസുമാണെന്ന്..."തന്റെ പുച്ഛം ഏറ്റുവാങ്ങി ഐഫോണ്‍ നാണിച്ചു തല താഴ്തിയെന്നു രാജെശ്വരന്‍ കരുതിയെങ്കിലും അത്  ഗര്‍വ്വൊട്ടും കുറയാതെ രാജേശ്വരനെത്തന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു; അതിന്റെ ഉടമയെപ്പോലെതന്നെ.ആ മൂര്‍ച്ചനോട്ടം ഇഷ്ടപ്പെടാതെ അതിന്റെ സ്പര്‍ശനമാത്രയില്‍ പ്രതികരിക്കുന്ന, തിളങ്ങുന്ന സ്ഫടികപ്രതലത്തില്‍ വഴുവഴുപ്പുള്ള  എന്തിനെയോ സ്പര്‍ശിക്കുന്ന പോലെ രാജേശ്വരന്‍ തൊട്ടു .ആ തൊടലിന്റെ ഓര്‍മ്മ വിരലുകളില്‍ അരിച്ചു വന്നപ്പോള്‍ രാജെശ്വരന്‍ വിരലുകള്‍ ഞെരടി.അപ്പോള്‍ താന്‍ പറഞ്ഞ വാക്കുകള്‍ ലഹരിമറയ്ക്കപ്പുറത്തുനിന്നും കാതിലേക്ക് ഊളിയിട്ടുവന്നു.    
                             
                       "എടാ ഒരു ഹാന്‍ഡ്‌ സെറ്റെന്നു വെച്ചാ നല്ലൊരു പെണ്ണിനെപോലെയാവണം.എല്ലാ ഉയര്‍ച്ച താഴ്ച്ചകളുമുള്ള ഒരു പെണ്‍ ശരീരം.മുലയും ചന്തിയും ഒന്നുമില്ലാത്ത ഒരു പെണ്ണിനെ എന്തിനു കൊള്ളാം.അതുപോലെ തന്നെയാ ഹാന്‍ഡ് സെറ്റും .ദാ എന്റെ സെറ്റ് കണ്ടോ ? "
   
                                 അക്കങ്ങളം അക്ഷരങ്ങളും കറുത്ത കട്ടകളില്‍ അതിമനോഹരമായി വിന്യസിച്ച, പാതിഭാഗം കറുത്തും, പാതിഭാഗം തളം കെട്ടിക്കിടക്കുന്ന കൊഴുത്ത ദ്രാവകം പോലെ ചില്ലുമിനുങ്ങുന്നതുമായ തന്റെ 'ക്വേര്ടി' ഫോണ്‍ ,ജീന്‍സിന്റെ പോക്കെറ്റില്‍ നിന്നും വലിച്ചെടുത്തു പ്രദര്‍ശിപ്പിച്ചു.രാജേശ്വരന്റെ ചൂണ്ടു വിരലിനും തള്ള വിരലിനും ഇടയില്‍ ഒരു അഭ്യാസിയെപ്പോലെ തൂങ്ങി , സ്വയം പ്രദര്‍ശനപരതയില്‍ അഭിരമിക്കുന്ന ഒരു മനോരോഗിയെപ്പോലെ അത് നിന്ന് തിളങ്ങിയപ്പോള്‍ ,അതിനു നേരെ  'ഓ' എന്ന്  റൂബന്‍ ചുണ്ട് കോട്ടി.ആ അലസപുച്ഛഭാവത്തെ  രാജെശ്വരന്‍ തന്റെ ഉടലഴകൊത്ത ഫോണ്‍മേനിയില്‍ വിരലുകളാല്‍ തഴുകിയുണര്‍ത്തി നേരിട്ടു."ഇതുപോലെ അഴകളവുകലെല്ലാം ഒത്തിണങ്ങിയ ഒരു സുന്ദരിയാവണം ഹാന്‍ഡ്‌ സെറ്റ്... "    
  
                              "അത് നിങ്ങ ആണ്‍പിള്ളേര്‍ക്ക്..!" അതുവരെ മിണ്ടാതിരുന്ന് ഇരുപക്ഷത്തെയും ആസ്വദിച്ചുകൊണ്ടിരുന്ന  റിംഗ സാവിയോ സണ്ണി, പൊടുന്നനെ ഒരു ചിറികോടലായി, തന്റെ പക്ഷം പെണ്‍പക്ഷമാണെന്ന്,  തെളിഞ്ഞു.
   
                               "ഓ ഫെമിനിസ്റ്റിന്  കൊണ്ടോ നിങ്ങള്‍ പെണ്ണുങ്ങള്‍ ഹാന്‍ഡ്‌ സെറ്റിനെ ഒരു ആണ്‍ ശരീരമായും കണ്ടോളൂ.അപ്പൊ സ്ത്രീ സമത്വവുമായി." രാജേശ്വരന്‍ സിഗരറ്റ്  പുകയുടെ ഇടയിലൂടെ നിശബ്ദമായി  ചിരിച്ചപ്പോള്‍ 'ശരി, ഹാന്‍ഡ് സെറ്റ് ഒരു ആണ്‍ശരീരം എങ്കില്‍  പെനിസ് ഏതാവും?' എന്ന് റൂബന്റെ വക വെടി പൊട്ടി . മാരകമായ ആ വെടി മര്‍മ്മത്ത് തന്നെ കൊണ്ട റിംഗ  "ഛീ!  പോഡാ പന്നി.തോന്നിവാസം പറയുന്നോ?" എന്ന്  അവന്റെ തലയ്ക്കിട്ടു തട്ടിയത്  ഓര്‍മ്മക്കാടു കുലുക്കിയപ്പോള്‍ അറിയാതെ രാജെശ്വരന്‍ തല ചെരിച്ചു .
   
                               "ങ്ങ ഇതാണ് ഞങ്ങ പറേണ കപട സദാചാരം..." കൃത്രിമമായി വരുത്തിയ കൊച്ചിന്‍ സ്ലാംഗില്‍ റൂബന്‍ കാച്ചി. "ഉള്ളതിനെ പറ്റി പറയുമ്പോ അത് തോന്നിവാസം .ഇല്ലാത്ത ദൈവത്തെ പറ്റി പറയുമ്പോള്‍ അത് വേദം..!"
   
                                 രണ്ടു പേര്‍ക്കുമൊപ്പം  ആര്‍ത്തു ചിരിക്കുമ്പോള്‍  റൂബന്‍ തന്റെ പുതിയ ഐ ഫോണിനെ കൊച്ചാക്കിയതിന്റെ ഈര്‍ഷ്യ തീര്‍ക്കാന്‍ രാജേശ്വരന്റെ കരളിനിട്ടു കുത്തുവാന്‍ തീര്‍ച്ചയാക്കി,കോഴിക്കാല്‍ കടിച്ചു വലിച്ചു ചവയ്ക്കുന്നതിനിടയിലൂടെ രാജെശ്വരനെ കൂടി ചവച്ചു . "എടാ നീ മൊബൈല്‍ ഹാന്‍ഡ്‌ സെറ്റിന്റെ ഭംഗി മാത്രം നോക്കിയാല്‍ മതി കേട്ടോ..വീട്ടിലൊരു ഹാന്‍ഡ്‌ സെറ്റ് വാങ്ങി വെച്ചത് എന്തിനെലും കൊള്ളുമോടാ ?" സ്വതേ കറുത്ത രാജേശ്വരന്‍ ഒന്ന് കൂടി കറുക്കുന്നത് ആത്മഹര്‍ഷത്തോടെ റൂബന്‍ നോക്കിയിരുന്നു."എടാ കയ്യിലെ ഹാന്‍ഡ്‌ സെറ്റ് മാത്രം പെണ്ണിനെ പോലിരുന്നാല്‍ പോര വീട്ടിലെ പെണ്ണും ഹാന്‍ഡ്‌ സെറ്റിനെ പോലിരിക്കണം.അതും ലേറ്റസ്റ്റ്  ഹാന്‍ഡ്‌ സെറ്റ് . നമ്മടിഷ്ടത്തിനു ബീഹേവു ചെയ്യണം..". 
   
                                    ഓര്‍മ്മകള്‍ കുടഞ്ഞെറിഞ്ഞു വര്‍ത്തമാനത്തിലേക്ക് ലഹരി പാടകെട്ടിയ തലച്ചോര്‍ തിരിച്ചിറങ്ങി വന്നപ്പോള്‍ , ആവര്‍ത്തന വിരസത സൃഷ്ടിച്ചുകൊണ്ട്  വീണ്ടും അതേ വാചകത്തെ ചവച്ചരച്ചുകൊണ്ട്  ഉടുവസ്തത്തോടെ കിടക്കയിലേക്ക് വീഴുമ്പോള്‍ 'വിഡ്ഢി' എന്ന് ബിലീന മനസ്സില്‍ ചിരിച്ചത് രാജേശ്വരന്‍ അറിഞ്ഞില്ല.ബിലീനയുടെ ആ ചിരി പുറത്തുവന്നത് 'രാജു ചില നേരത്ത് കുട്ടികളെപ്പോലെ സംസാരിക്കുന്നു' എന്ന വാചകമായാണ്. വൈകിട്ട്  കണ്ട ഏതോ സീരിയലിലെ നായിക പറഞ്ഞ ഡയലോഗിനെ പുന:സൃഷ്ട്ടിക്കുമ്പോള്‍  ഒക്കാനിക്കാതിരിക്കാന്‍ ബിലീന ശ്രമിക്കുമ്പോള്‍ റൂബന്‍ പോളിന്റെ ബൈക്കിനു പിറകിലിരുന്നു നഗര രാവിന്‍ നിയോണ്‍ പ്രഭാപൂരത്തെ കൈവീശി കോരിയെടുക്കുവാന്‍ ശ്രമിച്ചുകൊണ്ട്‌  റിംഗ പൊട്ടിച്ചിരിക്കുകയായിരുന്നു. .

                                   "എന്താ ചിരിക്കുന്നത്..? "റിംഗ ഓര്‍ക്കാപ്പുറത്ത് പൊട്ടിച്ചിരി വിതറുന്നത് എന്തിനെന്നറിയാതെ റൂബന്‍ പോള്‍ എതിരെ കണ്ണിമയ്ക്കാതെ വന്ന കാറുകാരന് നേരെ തന്റെ ബൈക്കിന്റെ ഒറ്റക്കണ്ണ്  മിന്നിച്ചു രൂക്ഷനോട്ടം തൊടുത്തു.
  കാറുകാരന്‍ റൂബനെ  പുല്ലിനു വകവെയ്ക്കാതെ ഒരു കാറിത്തുപ്പല്‍ ഹോണടിയാല്‍ കടന്നുപോയപ്പോള്‍ അതൊന്നും ശ്രദ്ധിക്കാതെ റിംഗ പിന്നിലിരുന്നു മൊഴിഞ്ഞു     

                                    "അല്ല, രാജിന്റെ ഫെയിറ്റ് ഓര്‍ത്തു ചിരിച്ചതാടാ.."

                                    "ഉം? "
  
                                     "അവന്‍ ഒരു ടെക്കി.അവനു കിട്ടിയ കൂട്ടോ ഒരു ടര്‍ക്കി കോഴി.പാവം നിഷ്കളങ്ക ശാലീന ഗ്രാമീണ സുന്ദരിക്കോതയെ വേണമെന്നല്ലാരുന്നോ അവന്റെ ആഗ്രഹം.പട്ടണത്തില്‍ സുന്ദരിമാരെല്ലാം കന്യകാത്വം അറ്റു       പോയവരാണെന്നല്ലായിരുന്നോ അവന്റെ കണ്ടെത്തല്‍ .ആഗ്രഹം പോലൊരു  കന്യാമറിയത്തെ കൂട്ടിനു കിട്ടിയപ്പം അതൊരു കൂമ്പ്.ഹാന്‍ഡ്‌ സെറ്റ് എന്നാല്‍ കൈപ്പത്തിക്കു സമാനമായ മറ്റൊരു അവയവം തന്നെ എന്ന് കരുതുന്ന അവനു മൊബൈല്‍ ഫോണ്‍ അലര്‍ജിയായ ഒരു പെങ്കൊച്ചു തന്നെ കൂട്ട്..." റിംഗ ചിരിച്ചപ്പോള്‍ രാജേശ്വരന്‍ പുച്ഛത്തോടെ ബിലീനയ്ക്കുനേരെ ചിറി കോട്ടി.

                                     "ആരാ കുട്ടിയെപ്പോലെ ബീഹെവ്  ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും മിനിഞ്ഞാന്ന് മനസ്സിലായി.നീയെന്നെ നാണം കെടുത്തിയില്ലേ?"
 റൂബന്‍ അസാമാന്യമായ കൈവഴക്കത്തോടെ എതിരെ വന്ന തമിഴന്‍ ലോറിയെ വെട്ടിയൊഴിഞ്ഞുകൊണ്ട് മറുപടി പറഞ്ഞു."മിനിഞ്ഞാന്നത്തെ അവന്റെ ഹൌസ് വാമിംഗ് പാര്‍ടിയില്‍ തന്നെ കണ്ടില്ലേ.അവള്‍ ഒരു നനഞ്ഞ കോഴിയെപ്പോലെ നില്‍ക്കുന്നു.ഞാനെന്തൊക്കെയോ ഇംഗ്ലീഷില്‍ ചോദിച്ചിട്ട് അവള്‍ നിന്ന് ബബ്ബബ്ബ അടിക്കുന്നു. കഷ്ടം! "

                                      റൂബന്റെ കഷ്ടം പിന്നിലേക്ക്‌ പറന്ന കാറ്റില്‍ ലയിച്ചപ്പോള്‍ 'ഞാനങ്ങനെയൊക്കെയാ' എന്ന്  ബിലീന നിസംഗതയോടെ പറഞ്ഞു."അതില്‍ നാണക്കേട്‌ തോന്നുവാന്‍ മാത്രമെന്താണ്. എല്ലാവരെയും പോലെ അഴിഞ്ഞു നടക്കുവാന്‍ എനിക്കറിയില്ല.എന്നെ വളര്‍ത്തിയത് നല്ല ചോറും ചൊല്ലുവിളിയും തന്നാണ്.."

                                          "അവള്‍ക്കു ഞാന്‍ ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തിട്ട് അവള്‍ എന്തോ പോയിസണ്‍  കഴിക്കാന്‍ ക്ഷണിച്ചപോലെയാ എന്നെ നോക്കീത്..!"റിംഗ ഏറ്റവും പുതിയ റിംഗ് ടോണ്‍ പോലെ കുടഞ്ഞിട്ടു ചിരിച്ചപ്പോള്‍ രാജേശ്വരന്‍ സഹികെട്ടെന്നപോലെ ചോദിച്ചു  "എടി നീ വെള്ളമടിക്കണ്ട..അറ്റ്‌ ലീസ്റ്റ്, മാന്യതയോടെ പെരുമാറിക്കൂടെ..?"

                                           "നമ്മള്‍ അവന്റെ ഫ്രെണ്ട്സാണെന്ന വിചാരം പോലുമില്ലാതെയല്ലേ  അവള്‍ ബീഹേവു  ചെയ്തത്.." 'ഇഡിയറ്റ്'' എന്ന് ഗിയര്‍ ചെയിഞ്ച്  ചെയ്ത റൂബന്റെ  കൂടെ ' ഇപ്പഴത്തെ കാലത്തുണ്ടോ ഇങ്ങനത്തെ പെണ്‍കുട്ടികള്‍ 'എന്ന് റിംഗ അതിശയം കൂറിയ അതേ സമയം തന്നെ രാജെശ്വരനും അതിശയലേശമന്യേ റിംഗയോട് യോജിച്ചു. "ഇപ്പഴത്തെ കാലത്ത് ഇങ്ങനത്തെ പെണ്‍കുട്ടികളാണ് വേണ്ടത് ' എന്ന് ബിലീന തലതിരിപ്പന്‍ ചിരിയാല്‍ തലകുടഞ്ഞു.രാജെശ്വരനില്‍ അത് ചില്ലുചീളുകളായി തറഞ്ഞിറങ്ങുമ്പോള്‍ റിംഗ ചില്ലുചീളുകളായി തുളഞ്ഞിറങ്ങുന്ന രാത്തണുപ്പില്‍ നിന്നും രക്ഷതേടി റൂബന്റെ അരക്കെട്ടിലെ തന്റെ കൈച്ചുറ്റരഞ്ഞാണത്തിനു മുറുക്കവും ബലവും പകര്‍ന്നു:

                                            "അവള്‍ക്കു മൊബൈല്‍ഫോണ്‍  അലര്‍ജിയാണ്പോലും ..കൈകൊണ്ടു തൊടില്ലപോലും അവളതു ...വിചിത്രജന്മം തന്നെ ...!"

                                             'നിര്ത്തെടീ ' എന്ന രാജെശ്വരന്റെ അലര്‍ച്ചയില്‍ ബിലീനയുടെ ചിരി കഴുത്തുഞെരിക്കപ്പെട്ടുവെങ്കിലും രാജെശ്വരന്റെ ഭ്രാന്തെടുക്കല്‍  അവളെ വീണ്ടും ഉന്‍മാദിനിയാക്കുകയും അവള്‍ ചിരിയുടെ സ്വരതാളം ആരോഹണത്തിലേക്ക് പകര്‍ന്നുമാറുകയും ചെയ്തപ്പോള്‍ റിംഗ റൂബനോട് തന്റെ ലഹരിവഴുക്കുന്ന വാക്കുകള്‍ ഏച്ചുകെട്ടുകയായിരുന്നു.
   
                                             'എത്ര നല്ല ഹാന്‍ഡ്സെറ്റാണ് അവള്‍ക്കു രാജ് വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്ന് വാങ്ങിക്കൊടുത്തത് ..അവളതു കൈകൊണ്ടു തൊട്ടോ? അവള്‍ക്കു ഫോണ്‍ ഇഷ്ടപ്പെടാത്തത്കൊണ്ടാണെന്ന് കരുതി വേറൊരെണ്ണം വാങ്ങിച്ചുകൊടുക്കാമെന്ന്  അവന്‍ പറഞ്ഞതാ .അവള്‍‍ക്കു ലാന്‍ഡ് ഫോണ്‍  മതിയത്രേ.മൊബൈല്‍ ഹാന്‍ഡ് സെറ്റ് ഏതോ ദുര്‍മന്ത്രവാദിനിയുടെ കളിപ്പാട്ടം ആണെന്ന് .കുട്ടികളെ മയക്കി തട്ടിയെടുക്കുവാന്‍ വന്ന ദുര്‍മന്ത്രവാദിനി വെച്ചുനീട്ടിയ കളിപ്പാട്ടം..കച്ചറ സാഹിത്യ ഡയലോഗ്  ..ബുള്‍ഷിറ്റ്‌ ..അവന്റെ തലയിലെഴുത്ത് !'എന്ന് റിംഗയോട് ചേര്‍ന്ന് റൂബന്‍ മൊഴിയുമ്പോള്‍ രാജേശ്വരന്‍ ആ തലയിലെഴുത്ത് മായ്ക്കാനെന്നോണം ബിലീനയുടെ മുന്നില്‍ തല ഭ്രാന്തമായി മാന്തിപ്പറിച്ചു
   
                                            " കല്ല്യാണം കഴിഞ്ഞു മൂന്നു മാസ്സായി ..ഇതിനിടെ ഒരു ദിവസമെങ്കിലും നിനക്ക് എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊപ്പിച്ചു ജീവിക്കാനായോ ? ഒരു സോഫ്റ്റവെയര്‍ എഞ്ചിനീയറുടെ ഭാര്യ  അല്ലെ ഒന്നുമില്ലേലും നീ ? നാലുപേരുടെ മുന്നില്‍ എന്റെ ഭാര്യയാണെന്നും പറഞ്ഞു നിന്നെ കാണിക്കാന്‍ എനിക്ക് ഷെയിമാകുന്നു.."ആ ഷെയിം രാജെശ്വരന്റെ മുഖത്ത് കാണുന്ന ഓരോ അവയവത്തിലും തിടമ്പേറ്റുമ്പോള്‍  റൂബന്റെ തോളില്‍ താടിയമര്‍ത്തി റിംഗ പൊട്ടിച്ചിരിച്ചു.
   
                                           "അവന്‍ എല്ലാരുടെയും മുന്നില്‍ ഭാര്യയെന്നആ പ്രാകൃതജീവിയെയുംകൊണ്ട് നാണം കേട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷമാ...എത്ര പ്രാവശ്യം ഞാനവനോട് കെഞ്ചിയിട്ടുണ്ട്...അവനു പക്ഷെ  ശാലീന സുന്ദരിയെ മതി ...നാണം കെട്ടു ജീവിക്കട്ടെ ഇനിയുള്ള കാലം അവന്‍ ..!".അവളുടെ പക റൂബന്റെ തോളില്‍ താടിയെല്ലായി അമര്‍ന്നിറങ്ങി മുരണ്ടപ്പോള്‍  ബിലീനയുടെ താടിയെല്ല് ക്ഷമകെടലിന്റെ അങ്ങേയറ്റംചെന്നുമുട്ടി വിറകൊണ്ടുതുടങ്ങി.."നിങ്ങള്‍ക്ക് നാണക്കേട്‌ തോന്നുന്നത് ഭാര്യയെ കെട്ടുകാഴ്ച്ചയായി പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ നടക്കുവാനുള്ള ഒരു വസ്തുവാണെന്നുള്ള മെയില്‍  ഷോവനിസ്റ്റ് ചിന്താഗതിയില്‍ നിന്നുമാ..സ്ത്രീ അല്ലെങ്കില്‍ ഭാര്യ ഒരു ജീവനുള്ള മനുഷ്യജീവിയാണെന്നെങ്കിലും ആദ്യം നിങ്ങള്‍ മനസ്സിലാക്കണം..." 

                                           'നീ എന്നെ പഠിപ്പിക്കണ്ട... അവളുടെ ഒരു സാഹിത്യഭാഷ 'എന്ന് മുരണ്ടു രാജെശ്വരന്‍ രണ്ടുചാല്‍ മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നപ്പ്പോള്‍  റൂബന്‍  തിരക്കൊഴിയാത്ത നഗരരാപ്പാതയില്‍ വേഗക്കുതിപ്പിന്റെ മിന്നലലയാഴിയാക്കി തന്റെ ബൈക്കിനെ മാറ്റിമറിച്ചു :"അവളെ എനിക്ക് മനസിലാവുന്നേയില്ല..ഒന്നുകില്‍ ഒരു വിഡ്ഢി അല്ലെങ്കില്‍ ..." .'ഏതായാലും അവന്‍ , രാജ് വെറും മണ്ടനായി 'എന്നപ്പോള്‍ റിംഗ റൂബനെ  പൂരിപ്പിച്ചപ്പോള്‍ രാജെശ്വരന്‍ റൂബന്റെ ബൈ ക്കുമായി താദാത്മ്യം പ്രാപിച്ചു  ബിലീനയുടെ ചെവിയോരങ്ങളില്‍  അസ്വസ്ഥതയുടെ കാട്ടുകടന്നല്‍ക്കറക്കമായി മാറി ."നിന്നെ വിവാഹം ചെയ്ത ഞാന്‍ ശരിക്കും മണ്ടനായി..എത്രയെത്ര നല്ല ആലോചനകള്‍ വേറെ വന്നതാണ് ..അതും എത്ര മോഡെണ്‍ പെണ്‍കുട്ടികളുടെ...എന്നിട്ട് ഒന്നിനും കൊള്ളാത്ത ഒരു വെയിസ്റ്റിനെയാണ് എനിക്ക് കിട്ടിയത് ...'

                                            ബിലീനയുടെ ആത്മാഭിമാനത്തിന്റെ കഴുത്തു മുറിഞ്ഞുണ്ടായ ശക്തമായ ഒരു പിടച്ചിലില്‍ ചോരത്തുള്ളികള്‍ രാജെശ്വരന്റെ മുഖത്തേക്ക് ചീറ്റിത്തെറിച്ചു ."അതെനിക്കറിയാം ..നിങ്ങള്‍ കൂടുതലൊന്നും പറയണ്ട ..നിങ്ങളുടെ കൂട്ടുകാര്‍ പ്രത്യേകിച്ച് ആ റിംഗയടക്കം ചിലര്‍ നിങ്ങളെ മുറിവേല്‍പ്പിച്ചു വിടുന്നതിന്റെ പരിണിതഫലമാണിതെന്നും എനിക്കറിയാം..ഞാന്‍ വെയിസ്റ്റ് ആണെങ്കില്‍  എന്നെ ഉപേക്ഷിച്ചു അവളെ അങ്ങ് കെട്ടിക്കൂടെ ? "

                                         "അതേടി വേണ്ടി വന്നാല്‍ ഞാനതും ചെയ്യും ..നിന്നെപ്പോലൊരു ആദിമജീവിയെ സഹിക്കേണ്ട ഗതികേടൊന്നും എനിക്കില്ല.. "എന്ന് രാജെശ്വരന്‍ പ്രകോപിതനാകുമ്പോള്‍  റൂബന്റെ പിന്നിലിരുന്നു റിംഗ ആര്‍ത്തുചിരിച്ചു."ചുമ്മാതല്ല ഞാനവനെ തരം കിട്ടുമ്പോഴൊക്കെ  ന്യൂ ജനറേഷന്‍ ആദം എന്ന് കുത്തുന്നത് ..അവന്‍ നോവട്ടെ..!"റിംഗയുടെ കൂടെ റൂബനും ചേര്‍ന്ന് നഗരരാപ്പാതയില്‍ ഒരു വലിയ പൊട്ടിച്ചിരിയായി പറക്കുമ്പോള്‍ ബിലീന അതിലുമുച്ചത്തില്‍ രാജെശ്വരന്  നേരെ പൊട്ടിച്ചിരിച്ചു :

                                        "നിങ്ങള്‍ക്ക് ഭ്രാന്താണ് ..! നിങ്ങള്‍ക്കു മാത്രമല്ല നിങ്ങളുടെ കൂട്ടുകാര്‍ക്കും....! " 

                                         'എന്ത് പറഞ്ഞെടീ ' എന്ന് സ്വാഭാവികമായി അലറേണ്ട വിധത്തില്‍ തന്നെ രാജെശ്വരന്‍ അലറുകയും ബിലീനയ്ക്കുനേരെ കുതിക്കുകയും  'ലൂസ് കണ്ട്രോള്‍ '** എന്നൊരു  നിലവിളിയായി റൂബന്റെ ഐ ഫോണ്‍ പേടകത്തിലേക്കു മറ്റേതോ പേടകത്തില്‍ നിന്നും ഒരു അദൃശ്യതരംഗം പറന്നെത്തുകയും ആ നിലവിളിയുടെ കഴുത്തിനുപിടിച്ചമര്‍ത്തി  റൂബന്‍ ഒരുകയ്യാല്‍ ചെവിയോടു ചേര്‍ക്കുകയും ബിലീനയുടെ ചെവിടോരം തകര്‍ത്തു രാജെശ്വരന്റെ കൈ ആഞ്ഞു പതിയുകയും ബിലീന ആ  ആഘാതത്താല്‍ കട്ടില്‍ ക്രാസിയിലേക്ക് തലതല്ലി വീഴുകയും എതിരെ ചീറിവന്ന തമിഴന്‍ലോറിയിലേക്ക് നിയന്ത്രണമറ്റു റൂബന്‍  റിംഗയുമായി വഴിതെറ്റി പറന്നുചെല്ലുകയും ടാര്‍ റോഡിന്റെ പരുക്കന്‍  കറുപ്പിലും  മൊസൈക്ക് തറയുടെ മിനുക്കന്‍ കറുപ്പിലും ഒരേ നിറച്ചോരയായി ഒഴുകിപ്പരക്കുകയും..........  


**  'രംഗ് ദേ ബസന്തി'യിലെ എ.ആര്‍ .റെഹ്മാന്‍ ഗാനശകലം                           

Sunday, 19 August 2012

ബഷീറിനേക്കാള്‍ വലിയ ബഷീര്‍


             പെയ്യണോ വേണ്ടയോ എന്ന സന്ദേഹത്തില്‍ തെളിഞ്ഞും മങ്ങിയും ആകാശം നില്‍ക്കുന്ന ഒരു സന്ധ്യയ്ക്ക് മുജീബ് വീട്ടിലേക്കു കയറി വന്നു.മുജീബും ഞാനും ചെറുപ്പം മുതലേ സുഹൃത്തുക്കളാണ്. മാത്രമല്ല, ഇപ്പോള്‍ ഒരുമിച്ചു വാര്‍ക്കപ്പണിക്ക് പോകുന്നവരുമാണ്.
      
    "എന്താ മുജീബേ പതിവില്ലാണ്ട് ഈ നേരത്ത്? ബീവി കൊണ്ടുകൊടുത്ത പാലുഞ്ചായ മൊത്തിക്കുടിക്കുന്നതിനിടയില്‍ ഞാന്‍ അന്വേഷിച്ചു.
             
    തട്ടത്തിന്റെയറ്റം തള്ളവിരലില്‍ ചുറ്റുകയും അഴിക്കുകയും ചെയ്തുകൊണ്ട് അലസമായി വാതില്പടി ചാരിനില്‍ക്കുന്ന ബീവിയുടെ മുഖത്തേക്കൊന്നു പാളിനോക്കിയിട്ടു മുജീബ് ചെറിയൊരു ജാള്യത്തോടെ പറഞ്ഞു: 
               
            “ഒരു സീക്രട്ട് കാര്യം സംസാരിക്കാനുണ്ടേനും ബഷീര്‍ക്കാ...!"
              
     അത് കേട്ടമാത്രയില്‍ത്തന്നെ ,കാലിയായ ചായഗ്ളാസും വാങ്ങി ബീവി അകത്തേക്ക് മറഞ്ഞു. 
              
     മുജീബിനെക്കാള്‍ രണ്ടുവയസിന്റെ മൂപ്പേയുള്ളൂവെങ്കിലും എന്നെ 'ഇക്കാ' എന്നാണു അവന്‍ വിളിക്കാറ്. അതെന്റെ നിക്കാഹു കഴിഞ്ഞയിടക്ക് തുടങ്ങിയതുമാണ്. അതുവരെ ഇക്കായെന്ന വാലുചേര്‍ക്കാതെ  വിളിച്ചോണ്ടിരുന്ന അവന്‍ പെട്ടെന്നതൊന്നു പരിഷ്കരിച്ചതിലുള്ള അരോചകത്വം ഞാനവനോടു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴവന്‍ തന്ന മറുപടി കേട്ടപ്പോള്‍ സത്യം പറഞ്ഞാല്‍ എനിക്കവനോടു ബഹുമാനം തോന്നിപ്പോയി.  
              
                ഇങ്ങളുടെ ബീവിക്ക് എന്നെ അറ്യാം...എന്നെക്കാള്‍ മൂത്തതാ ഇങ്ങളെന്നും...അന്നേരം ഓലുടെ മുന്നീന്ന് ഞാനിങ്ങളെ പേരുപറഞ്ഞു വിളിച്ചാ ഓല മുന്നിലിങ്ങളുടെ വെലപോവൂലേ...?
              
      മുജീബ് , ബീവി അകത്തേക്ക് മറഞ്ഞപ്പോള്‍ കസേര എന്റെയടുത്തേക്കു നീക്കിയിട്ടു. പിന്നെ, എണീറ്റ്‌ വാതില്‍ക്കല്‍ച്ചെന്നു ഉള്ളിലെക്കേന്തിനോക്കി ബീവി വാതില്‍പ്പിന്നിലൊന്നും മറഞ്ഞുനില്‍പ്പില്ലെന്നുറപ്പുവരുത്തിയിട്ട്  തിരികെ വന്നിരിന്നു.
              
               “എന്താ മുജീബേ ഇത്രക്കും വെല്ല്യ സീക്രട്ട്? അവന്റെ അടക്കിപ്പിടിച്ച ശരീരചലനങ്ങളില്‍ കൌതുകംപൂണ്ടു ഞാന്‍  തിരക്കി.
              
      മുജീബ് ഒരു നിമിഷം ആലോചിച്ചിരുന്നു.ഒരു തുടക്കം കിട്ടുവാനുള്ള ആലോചനയാവും.  
              
                “ബഷീര്‍ക്കാ, ഞാന്‍ ഇങ്ങളോട് ഒന്നുരണ്ടുപ്രാവശ്യം സൂചിപ്പിച്ച കാര്യം തന്ന്യാ...മ്മളെ സൂറെന്റെ കാര്യം!"
              
      എനിക്ക് സംഗതി പിടികിട്ടി. ഇറച്ചി വെട്ടുകാരന്‍ അയ്മ്മദിന്റെ മകള്‍ സുഹറയോട് കുറച്ചുകാലമായി മുജീബിനു ഒരു പിരിശം തോന്നിത്തുടങ്ങിയിട്ട്.അവനതു ഒന്നുരണ്ടു പ്രാവശ്യം എന്നോട് സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
              
               "സൂറെന്റെ കാര്യംന്താ മുജീബേ, ഇഞ്ഞി അന്റെ മൊഹബത്ത്  മനസ്സില് പൊത്തിപ്പൊതിഞ്ഞു വെക്കുന്നല്ലാണ്ട് ഓളോടിതുവരെ അത് തൊറന്നു പറഞ്ഞിക്കില്ലാലോ...?"ഞാന്‍ ചോദിച്ചു.
              
              "അത് പറയാന്‍ തന്ന്യാ ബഷീര്‍ക്കാ ഞാന്‍ വന്നെ…."
              
               "അയിന് ഞ്ഞി ഇവട്യാ വരുന്നേ,ഓളോട് പോയി പറയാനുളേളന്.....!"ഞാനവനെ തമാശയാക്കി.
              
                   "അതൊന്നുമല്ല ബഷീര്‍ക്കാ..."മുജീബ് ചുറ്റും കണ്ണോടിച്ചു ശബ്ദം ഇത്തിരി താഴ്ത്തി."എനക്ക്  സൂറേനോട്  മൊഹബത്താന്നുള്ള കാര്യം ഓളോട് നേരെനിന്നു  പറയാനുള്ള ധൈര്യല്ലാന്നു ഇങ്ങക്കറിയാലോ? അതോണ്ട് ഞാന്‍ ഒര് കത്തെയ്തിക്കൊടുക്ക്വാന്‍ തീരുമാനിച്ചിട്ടാ ഇങ്ങോട്ടുവന്നെ...."ഒന്ന് നിര്‍ത്തിയിട്ടു അവന്‍ കൂട്ടിച്ചേര്‍ത്തു: "അയിനും മേണ്ട സഹായം ഇങ്ങള് ചെയ്തു തരണം..."  
              
      മുജീബ് ശബ്ദം കൂടുതല്‍ താഴ്ത്തി.അവന്റെ കണ്ണുകളില്‍ പൊടുന്നനെ ഒരു ജാള്യത മിന്നലാട്ടമാരംഭിച്ചതും ഞാന്‍ കണ്ടു.
              
                "ഇങ്ങള് കതേം കവിതേംല്ലാം എയ്തുന്ന ആളല്ലേ?ഒരു നല്ല പ്രേമലേഖനം എയ്തിതരണം ഇങ്ങള് ..."
              
      ഒരു ചെറിയ ഞെട്ടലോടെ ഞാന്‍ മുജീബിനെ നോക്കി.ഇവനെന്ത് ഹലാക്കിനുള്ള പുറപ്പാടാണെന്നു ചിന്തിച്ചുകൊണ്ടാണെങ്കിലും ഞാന്‍ ചിരിച്ചുകാട്ടി.എന്റെ ചിരിയില്‍ അലോസരപ്പെട്ടു അവന്‍ ചോദിച്ചു.
              
             "ഇങ്ങളെന്തിനാ ചിരിക്കുന്നെ?ഞാന്‍ കാര്യായിട്ടു തന്ന്യാ പറേന്നത്‌ ....!"
             
      ഞാന്‍ പറഞ്ഞു: "എന്താ മുജീബേ ഞ്ഞി പറേന്നെ...? അനക്ക്  മാണ്ടീട്ടു ഞാന്‍ സൂറാക്ക് പ്രേമലേഖനം എയ്തിക്കൊടുക്കണോന്നോ...? ന്റെ ബീവി കേക്കണ്ട, അന്റെ മയ്യത്തെടുക്കേണ്ടിവരും ഇവ്ടുന്നു...!"
              
               "അയ്ന് ഇങ്ങളല്ലാന്നു എയ്തുന്നത് ! ഞാനെയ്തുന്നതായി വിജാരിച്ച് ഇങ്ങളെയ്തിയാ മതീന്നാ പറഞ്ഞെ....ഇങ്ങക്കയ്നുള്ള ഭാവനയെല്ലാണ്ടുന്നു എനിക്കറ്യാം..."
             
      ഒരു പരകായപ്രവേശത്തിനാണ് മുജീബ് ആവശ്യപ്പെടുന്നത്.എനിക്ക് മനസ്സിലായി.എന്നാലും, അവന്റെയാ ആവശ്യത്തോടങ്ങോട്ടു പൊരുത്തപ്പെടാന്‍ എനിക്ക് ആയില്ല.
              
                “അതെങ്ങന്യാടോ ഇഞ്ഞിയെയ്തുന്നതായി വിചാരിച്ച്ചോണ്ട്  ഞാനെയ്ത്വാ...അന്റെ വികാരോം വിചാരോമെല്ലാന്നോ എന്റേത്..?ഇഞ്ഞി ഓളെ എങ്ങന്യാ കണ്ടിരിക്കുന്നേന്നോ, എങ്ങന്യാ പ്രേമിക്കുന്നേന്നോ,പ്രേമത്തെപ്പറ്റി അന്റെ സങ്കല്‍പ്പെന്താന്നോ ഒന്നും എനിക്കറിഞ്ഞൂടാ...പിന്നെങ്ങന്യാ...? 
       
               "ഇങ്ങള് മൊരട്ടു ഞായങ്ങളൊന്നും എന്നോട് പറേണ്ടാ...ഇങ്ങള് കതയെയ്തുമ്പം അയിനാത്തെ ഓരോ കതാപാത്രത്ത്തിന്റെം വിജാരങ്ങള് എയ്തുന്നുണ്ടല്ലോ...അതെല്ലാം ഇങ്ങളെ വിജാരം പോല്യാ?അല്ലാലോ....അതുപോലത്തന്ന്യാ ഇതും...ഇങ്ങളെന്നെ ഇങ്ങള്ടെ ഒരു കതെലെ കതാപാത്രായിട്ടങ്ങു കൂട്ട്യാ മതി..."മുജീബ് ശക്തിയുക്തം വാദങ്ങള്‍ നിരത്തി.

   "അതെ! ഇപ്പം ഇഞ്ഞ്യാ മൊരട്ടു ഞായങ്ങള്  പറേന്നത്..."അവനെ പ്രതിരോധിക്കാന്‍ തയാറെടുത്തുകൊണ്ട്  ഞാന്‍ പറഞ്ഞു.
               
                “ങ്ങള് മിണ്ടല്ലേ!" മുജീബിനു ദേഷ്യം വന്നുതുടങ്ങിയിരുന്നു."ങ്ങളെന്റെ ഉറ്റ ചങ്ങായിയാണേല് ഇങ്ങളിത് എയ്തിത്തരും....!"അവന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതുപോലെ പറഞ്ഞു.
              
                 "അല്ല മുജീബേ, അത് ഞ്ഞിതന്നെ എയ്തുന്നതല്ലേ അയിന്റൊരു മൊഞ്ച്...ഏ?"
               
                 "എനിക്കെയ്താനാവൂങ്കി ഇങ്ങളോട് വന്നുപറയോ ബഷീര്‍ക്ക...ഓള് കോളെജില് പോന്ന കുട്ട്യാ...ഓള വിഷയാണേങ്കി മലയാളസാഹിത്യോം....!ഒന്‍പതാം ക്ളാസില് രണ്ടാംകൊല്ലം പഠിപ്പ് നിര്‍ത്ത്യ ഞാനെയ്തിയാല് , പണ്ട് വൈക്കത്തെ ബഷീര്‍ക്ക പറഞ്ഞപോലെ ആഖ്യെംണ്ടാവൂല, ആഖ്യാതോണ്ടാവൂല...."മുജീബ് അത് ഭാവനയില്‍ കണ്ടിട്ടെന്നോണംഒരു ചിരി ചിരിച്ചപ്പോള്‍ ഞാനാലോചിച്ചത് പുസ്തകം അലര്‍ജിയായിരുന്ന ഇവന്‍ വൈക്കം മുഹമ്മദ്‌ ബഷീറിനെ വായിച്ചെന്നോ എന്നാണ്.അത് ഞാന്‍ തുറന്നു ചോദിച്ചു.
               
                 "സൂറ കതേം കവിതെമെല്ലാം വായിക്കും...അന്നേരം ഓള പ്രേമിക്കുന്ന ഞാന്‍ മോശാവാന്‍ പാടില്ലാലോ...'പാത്തുമ്മാന്റെ ആടി'ല്‍ തൊടങ്ങി..."മുജീബിന്റെ മുഖത്ത്  നാണം മൊഞ്ചേറ്റുന്നത് ഞാനാദ്യമായിട്ടു കാണുകയായിരുന്നു.
               
                "ഇനീപ്പം ഞാന്‍ രണ്ടും കണക്കാക്കി ഒരു കത്തങ്ങു എയ്ത്യാത്തന്നെ ഓക്ക് ബോധിച്ചിക്കില്ലേലോ...?ഒരെരൂം പുളിപ്പുമെല്ലാം മാണ്ടേ..?ഓളാങ്കി കവിതേം കതെല്ലാം അന്തംല്ലാണ്ട് വായിക്കുന്നോള്വാ..." 
               
      എന്റെ വാദമുഖങ്ങളെയെല്ലാം,ബദര്‍ പടപ്പാട്ടിലെ വീരനായകനെപ്പോലെ നിഷ്ക്കരുണം അരിഞ്ഞുവീഴ്ത്തി,മുജീബ് നിര്‍ബന്ധംപിടിച്ചപ്പോള്‍ ഞാനയഞ്ഞുതുടങ്ങി.എങ്കിലും,എനിക്ക് വല്ലാത്ത ഒരു ജാള്യം തോന്നിത്തുടങ്ങിയിരുന്നു.മറ്റൊരാള്‍ക്കുവേണ്ടി പ്രേമലേഖനം എഴുതിക്കൊടുക്കുക എന്നൊക്കെ വെച്ചാല്‍ ...! ഇതുവരെ ചെയ്യാത്ത ഏര്‍പ്പാടാണ്.മുജീബ് പറയുന്നതെല്ലാം കാര്യങ്ങളാണെങ്കിലും എന്തോ ഒരിത്!
               
     എന്റെ മുഖത്തെ സംഘര്‍ഷഭരിതഭാവങ്ങളിലേക്കൊന്നു കണ്ണയച്ച് മുജീബ് അവസാനത്തെ ആയുധം പുറത്തെടുത്തു: " ഇങ്ങക്കാണേല് പ്രേമലേഖനം എയ്തുന്ന കാര്യത്തില് നല്ല എക്സ്പീര്യന്സുണ്ടല്ലോ.."
               
      ശരിയാണ്, ഞാനും ബീവിയും  രണ്ടു വര്‍ഷത്തോളം പ്രണയലോലരായ്  കത്തുകളിലൂടെ ജീവിച്ചവരാണ്.അതൊരു യാഥാര്‍ത്യമാണെങ്കിലും,തന്റെ കാര്യസാധ്യത്തിനായി മുജീബ് അതുതന്നെ ഒരായുധമായി എനിക്കുനേരെ പ്രയോഗിച്ചപ്പോള്‍ ഞാന്‍ മലര്‍ന്നടിച്ചു വീണു.മര്‍മ്മഭാഗത്തുതന്നെ വെട്ടിവീഴ്ത്തിയതിന്റെ സംതൃപ്തിയോടെ മുജീബ് പോകാനെഴുന്നേറ്റു. 
               
                "ഞാന്‍ രാവിലെ പണിക്കു വരുമ്പം ഇങ്ങള് തന്നാ മതി...രണ്ടു പേജെങ്കിലും മാണം...ഇന്ന് രാത്രി മുയ്യുയന്‍ കുത്തീര്‍ന്നു എയ്തിക്കൊളീ..ങാ,പിന്നെ ഇങ്ങളിതു ഇങ്ങളെ ബീവീനോടുന്നും പറേണ്ടാട്ടോ...എനക്ക് പിന്നെ ഓലെ മൊകത്ത് നോക്കാനാവൂല..!"
                     
     എന്റെ സമ്മതത്തിനൊന്നും കാത്തുനില്‍ക്കാതെ മുജീബ് സ്ഥലംവിട്ടു.
                     
      അവന്‍ പോയ പുറകെ, അത്ര നേരം സന്ദേഹിച്ചുനിന്ന ആകാശം പെയ്തുതുടങ്ങി.ഇരുണ്ടുതുടങ്ങിയ പ്രകൃതിയെ മഴത്തുള്ളികള്‍ ഈറനണിയിക്കുന്നതും നോക്കി കുറച്ചുനേരം ആലോചനാമഗ്നനായി ഇരുന്നശേഷം അകത്തേക്ക് ചെന്നപ്പോള്‍ ബീവി ചോദിച്ചു:
                     
                “എന്താരുന്നു ഇത്ര വെല്ല്യ രഹസ്യം പറച്ചില്...?
                     
      മുജീബിന്റെ വിലക്കിനെ മന:പൂര്‍വ്വം വിസ്മരിച്ച് ചിരിച്ചുകൊണ്ട് ബീവിയോടു കാര്യം പറഞ്ഞു.അവസാനം മുജീബ് മര്‍മ്മത്തുതന്നെ  ഒരു കുത്തു തന്നതും ഉള്‍പ്പെടെ.
                     
      ബീവി അതെല്ലാം ഒരൂറിയ ചിരിയോടെ കേട്ടുനിന്നു. എന്നിട്ട് മുജീബിനോടുള്ള സിമ്പതി പ്രകടിപ്പിച്ചു."പാവം,അവനത്രേം കാര്യായിട്ടു പറഞ്ഞതല്ലേ? ഇങ്ങളൊരെണ്ണം എയ്തിക്കൊടുക്ക്...."
                     
                  “അത് തന്ന്യാ ബീവി ഞാനുമാലോചിക്കുന്നത്...പക്ഷെ, എയ്തണേങ്കീ ഒരൈഡിയേമൊട്ടു  വരുന്നൂല്ലാ... ഈ പ്രേമലെഖനമെഴുത്തുമായിട്ടുള്ള ടച്ചെല്ലാം  വിട്ടിട്ടു മൂന്നാല് വര്ഷായില്ലേ...? 
                     
      വെള്ളക്കടലാസും പേനയുമായി എഴുതാനിരുന്നപ്പോഴാണ് ഒരത്യാഹിതം സംഭവിച്ചത്. "ഇങ്ങനത്തെ ചീളു  പൈങ്കിളികേസുകള്‍ കൈകാര്യം ചെയ്യാന്‍ നാണമില്ലേടാ"യെന്നു ഒരു  വലിയ ആക്രോശം മുഴക്കിക്കൊണ്ട് എന്നിലെ ചെറിയ സാഹിത്യകാരന്‍ ചാടിവീണു പേനക്ക്പിടിച്ചു.ഒരു നിമിഷത്തേക്ക് ഞാന്‍ ഹിമശിലപോലെ ഉറഞ്ഞിരുന്നുപോയി.സ്തംഭനാവസ്ഥ നീങ്ങിയപ്പോള്‍ ഞാന്‍ തിരികെ ചോദിച്ചു: "അപ്പോള്‍ മൂന്നാല് വര്‍ഷം മുന്‍പ്  ബീവിക്ക് കെട്ടുകണക്കിന് എഴുതിക്കൊടുത്തതോ?അതൊന്നും ചീളു പൈങ്കിളികേസുകളല്ലാരുന്നോ?
                
                 “അത് മൂന്നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ്!അന്ന് എനിക്കിത്രേം വളര്‍ച്ചയും പക്വതയും ഇല്ലായിരുന്നു.വര്ഷാന്തരം ചെറിയതായി തനിക്ക് തോന്നുന്നില്ലെങ്കിലും എനിക്കാ ബോധമുണ്ട്."സാഹിത്യകാരന്‍ അങ്ങനെയൊന്നും തോറ്റുതരാന്‍ തയ്യാറല്ലായിരുന്നു."മാത്രമല്ല, അത് നിന്റെ സ്വന്തം കാര്യത്തിനല്ലായിരുന്നോ..?ഇതോ..?ഏതോ ഒരുത്തനുവേണ്ടി...! ആത്മാഭിമാനവും അന്തസ്സും പണയംവെക്കുന്ന  ഏര്‍പ്പാട് ! ഛെ,ഛെ..!!"എന്നിലെ സാഹിത്യകാരന്റെ പുച്ഛം ഖനീഭവിച്ച നോട്ടം കണ്ട് ഞാന്‍ രണ്ടടി പുറകോട്ടുമാറി.
               
      പക്ഷെ, മുജീബിനെക്കുറിച്ചോര്‍ത്തപ്പോള്‍  എനിക്ക് എന്റെയുള്ളിലെ സാഹിത്യകാരന്റെ പുച്ഛം അത്ര സാരമായി തോന്നിയില്ല.മൂപ്പര് സൂചിപ്പിച്ചപോലെതന്നെ സംഗതി ചീപ്പാണെങ്കിലും മുജീബിനെ അങ്ങനെയങ്ങ് തള്ളിക്കളയാനൊക്കുമോ?ബീവിയുടെ മുന്‍പില്‍ എന്റെ വിലയിടിഞ്ഞു പോകുമെന്ന് ഭയന്ന് രണ്ടുവയസുമാത്രം മൂപ്പുള്ള എന്നെ 'ഇക്കാ'ന്നു വിളിച്ചുതുടങ്ങിയവനാണവന്‍ !മാത്രമോ, പ്രേമസാക്ഷാല്‍ക്കാരത്തിനുവേണ്ടിയാണെങ്കിലും മലയാളസാഹിത്യത്തിന്റെ ആസ്വാദകപ്രപഞ്ചത്തിലേക്ക് പാത്തുമ്മായുടെ ആടിലൂടെ പുതുമുളയായി പൊട്ടിവിരിഞ്ഞവനുമാണ്.       
               
      എന്നിലെ പൈങ്കിളിവിരുദ്ധ സാഹിത്യകാരനും മുജീബിന്റെ സുഹൃത്തായ ഞാനും കൂടി വടംവലിയാരംഭിച്ചതോടെ ഞാനാകെ ധര്‍മ്മസങ്കടത്തിന്റെ ആഴക്കടലിലായി.ആ ആഴക്കടലില്‍ മുങ്ങിയിരിക്കുമ്പോള്‍ ബീവി വന്നു: "എന്താ തൊടങ്ങീല്ലേ?   
               
                  “ഒന്നും ഇങ്ങോട്ടുവരുന്നില്ല..."ഞാന്‍ എന്റെ ധര്‍മ്മസങ്കടം മറച്ചുവെച്ച് ഖിന്നതയോടെ പറഞ്ഞു.ഉള്ളിലെ ധര്‍മ്മസങ്കടക്കടലിനെക്കുറിച്ചു  പറഞ്ഞാലൊന്നും ബീവിക്ക് മനസ്സിലായെന്നു വരില്ല. സാഹിത്യം അവളുടെ അരികത്തുകൂടെ പോയിട്ടില്ല! ഞാനെഴുതിക്കൂട്ടിയിട്ടുള്ളതില്‍ അവളാകെ വായിച്ചിട്ടുള്ളത് ഞാന്‍ കൊടുത്ത പ്രേമലേഖനങ്ങള്‍ മാത്രമാണ്. 
               
       ബീവി ശൂന്യമായ വെള്ളക്കടലാസെടുത്ത് തിരിച്ചും മറിച്ചും നോക്കിയിട്ട് അവിടെത്തന്നെ വെച്ചു.
               
                 "ഇങ്ങക്കെന്തുപറ്റി ബഷീര്‍ക്കാ...?എന്നെ നിക്കാഹു കയിക്കണേനും മുന്‍പ് കയ്യും കണക്കൂല്ലാണ്ട് ഇങ്ങള് എയ്തിക്കൂട്ടീനല്ലോ പ്രേമക്കത്ത്വേള്...?അത് വായിച്ചു തീര്‍ത്തിട്ടെനിക്ക് പടിക്ക്വാന്‍ കൂടി നേരം കിട്ടൂലേനും...! " 
               
     ബീവി എന്റെ പൂര്‍വ്വകാലപ്രതാപം ഓര്‍മ്മിപ്പിച്ചപ്പോഴാണ് ,ഉള്ളിലിരുന്നു പ്രതിഷേധം മുഴക്കുന്ന സാഹിത്യകാരനെ മയപ്പെടുത്തിയെടുത്തില്ലെങ്കില്‍ സംഗതി നടക്കില്ലെന്നുള്ള ചിന്ത എന്നിലേക്ക്‌  വന്നത്.അല്പമെങ്കിലും സാഹിത്യം പ്രേമവുമായി കൂട്ടിക്കുഴച്ചില്ലെങ്കില്‍ പിന്നെന്തു പ്രേമലേഖനം?ഹൃദയലേഖനമായ അത് സാഹിത്യപൂരിതമാക്കണമെങ്കില്‍ ഉള്ളിലിരിക്കുന്ന എതിര്‍പ്പുകാരനെ അയച്ചെടുത്തേ പറ്റൂ.പക്ഷെ,അതത്ര എളുപ്പമല്ലെന്നും എനിക്ക് മനസ്സിലായി.പഴയ ''കാര വാരികകളൊക്കെ വിട്ടു മൂപ്പരുടെ തീറ്റയിപ്പോള്‍ അത്യന്താധുനിക കവിതകളും കഥകളുമൊക്കെയാണ്.പണ്ടത്തെ തടിയൊന്നും ഇപ്പോഴില്ലെങ്കിലും കരുത്തു കൂടിയിട്ടേയുള്ളൂ.അത്ര പെട്ടെന്നൊന്നും മൂപ്പര്‍ വഴങ്ങിത്തരില്ല.പക്ഷെ, ആവശ്യം സൃഷ്ടിയുടെ മാതാവാണെന്ന് ആരോ ഒരാംഗലേയ പഴമൊഴി മലയാളത്തിലാക്കിയിട്ടില്ലേ?അതുകൊണ്ട് ഞാന്‍ പതിനെട്ടടവുകളും പയറ്റി.ഹോ, കരുത്തനോന്നു വഴങ്ങിക്കിട്ടിയപ്പോഴേക്കും ഞാന്‍ വിയര്‍ത്തുകുളിച്ചു ചത്തുപോയിരുന്നു. 

    ബീവി കൊണ്ടുവന്ന ഒരു മൊന്ത വെള്ളം അപ്പാടെയണ്ണാക്കിലേക്ക്  കമിഴ്ത്തിയിട്ടു ഞാനിരുന്നു കിതയ്ക്കവേ ബീവി അദ്ഭുതം കൂറി: "ഒരു പ്രേമക്കത്തെയ്താനായിട്ടാ ഇങ്ങളിങ്ങനെ പെരാന്തെട്ക്കുന്നെ..?    

   എന്നെ സംബന്ധിച്ചിടത്തോളം, ബീവി ചോദിച്ചത് അക്ഷരാര്‍ത്ഥത്തില്‍ ശരിയായിരുന്നു. 'പെരാന്തെടുക്കല്‍ ' തന്നെയായിരുന്നു എനിക്കത്. അത്രയും നേരം പ്രാതിരോധിച്ചുനിന്നിരുന്ന കാല്‍പനികവിരുദ്ധനെ ഒരുതരത്തില്‍ മയക്കിയെടുത്ത് എഴുത്തിനിരുന്നപ്പോള്‍ അതാ അടുത്ത തൊന്തരവ്‌! ഒരൊറ്റ വാക്കുപോലും ഊറിവരാതെ തരിശായി നില്‍ക്കുകയാണ് ഉള്ള്‌! എത്ര കോലാഴത്തില്‍ കുഴിച്ചിട്ടും ഒരു നനവുപോലും കാണാതെ നെടുവീര്‍പ്പിട്ടുനില്‍ക്കുന്ന കിണറുകുത്തുകാരന്റെ അതേ അവസ്ഥ! മുന്‍പാ പ്രണയകാലത്ത്, ബീവിക്കുവേണ്ടി പത്തും പതിനഞ്ചും പേജുകള്‍  നിറയെ പ്രണയലേഖനങ്ങള്‍ സൂകരപ്രസവം പോലെ എഴുതിത്തയ്യാറാക്കിയിട്ടുള്ള താനാണിപ്പോള്‍ ഒരു വാക്കിനുവേണ്ടി പരവശപ്പെടുന്നത്! അന്ന് പഞ്ഞമില്ലാതിരുന്ന  പഞ്ചാരവാക്കുകള്‍ക്കിന്ന് എന്തൊരു ക്ഷാമം എന്നോര്‍ത്ത് ഞാന്‍ നെടുവീര്‍പ്പുകളയച്ചു.            
       
           “എന്താണ്? ബീവി എന്റെ തലയില്‍ തടവിക്കൊണ്ട് ചോദിച്ചു.എന്റെ വൈവശ്യങ്ങളൊക്കെ തെല്ലൊരന്ധാളിപ്പോടെ നോക്കിക്കണ്ട്‌ നില്‍ക്കുന്ന, എന്റെ പാവം ബീവിയുടെ അവസ്ഥയോര്‍ത്തുകൊണ്ട്, ഒന്നുമില്ലെന്ന് ചുമല്‍കൂച്ചവേ, എനിക്ക് പെട്ടൊന്നൊരാശയം തോന്നി.           
      
               “അല്ല ബീവി, ഇഞ്ഞ്യാ പഴേ എഴ്ത്തെല്ലാം എടുത്തു പെട്ടിക്കകത്ത് സൂക്ഷിച്ചിക്കില്ലേ..? അതീന്നു ഒന്നിങ്ങു എടുക്ക്...അത് നോക്കി ഒരു കാച്ചങ്ങു കാച്ചാം....!"അതാവുമ്പോള്‍ ഇപ്പോഴും ചില്ലറ  മുറുമുറുപ്പോടെ നില്‍ക്കുന്ന സാഹിത്യകാരന് പ്രശ്നവുമുണ്ടാവില്ല.   

        "അയ്യട, അതിപ്പൊക്കിട്ടും!" ബീവിയുടെ ഭാവം മാറിയതുകണ്ട് ഞാനമ്പരന്നു.

          "അതെന്താ, ഞ്ഞിയതെല്ലാം കൂടി സൂക്ഷിച്ചുവെച്ചേക്കുന്നത് പുഴുങ്ങിത്തിന്നാനാ ...?" ഞാന്‍ കളിയായി തിരക്കവേ, ബീവിയുടെ മുഖം വീര്‍ത്തു.  

           "പുയുങ്ങിത്തിന്നാനൊന്ന്വല്ല..അതേ എനക്ക് ഇങ്ങള് പിരിശത്തോടെ എയ്തിത്തന്നതാ.... അത് വേറൊരുത്തിക്കു കോപ്പിയടിച്ചു കൊടുത്തിട്ടോള  സുഖിപ്പിക്കണേങ്കിലെ ഇമ്മിണി പുളിക്കും..!"    
              
      ബീവിയുടെ വികാരം മനസ്സിലാക്കിയ ഞാന്‍ ഇനിയെന്താണൊരു പോംവഴി എന്ന ആലോചനയിലായി.  
              
             "ഇങ്ങള് ഓരോ കിലോ കല്‍ബും, ഈരണ്ടു കിലോ  കരളും മൂന്നാല് ലിറ്റര്‍ തേനും പാലുമെല്ലാം ചേര്‍ത്തൊരു കാച്ചങ്ങു കാച്ച്യൂട്...!" എന്റെ തലപുകച്ചില്‍ കണ്ടു ബീവി നിര്‍ദേശിച്ചു.  

 "ഹേയ്‌, സംഗതി അഴകൊഴമ്പനൊന്നും പോരാത്തതോണ്ടല്ലേ മുജീബ് എന്നെത്തന്നെയിതേല്പ്പിച്ചത്...നല്ല ക്ളാസ് പ്രേമലേഖനം തന്ന്യാകണം...!" ബീവിയുടെ നിര്‍ദേശത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോള്‍ അവള്‍ മൊന്തയുമായി അടുക്കളയിലേക്കു നിഷ്ക്രമിച്ചു.  
            
    പിന്നെയും കുറേനേരത്തെ ധ്യാനമിരിപ്പിനു ശേഷമാണ് ആദ്യത്തെ വാചകമൊന്നു പേനത്തുമ്പിലൂടെയൂര്‍ന്നു വീണതുതന്നെ.ആദ്യമൊക്കെ അവിടവിടെ തട്ടിതടഞ്ഞുനിന്നുവെങ്കിലും പിന്നെ ഒരൊഴുക്കായിരുന്നു വാക്കുകളുടെ.
            
    ബീവി ഇടയ്ക്കിടെ വന്നു പുരോഗതി അന്വേഷിച്ചിട്ട് അടുക്കളയിലേക്കു മറയും.

    ഒന്നര മണിക്കൂര്‍കൊണ്ട് രണ്ടുപുറം നിറഞ്ഞു.വായിച്ചു നോക്കി സംഗതി കൊള്ളാമെന്ന സമാധാനത്തോടെ ദീര്‍ഘനിശ്വാസം വിടുമ്പോള്‍ , എന്റെ തലയിലെഴുത്ത് ഓര്‍ത്തു, ഞാനറിയാതെ ചിരിച്ചുപോയി.

     ബീവി, സംഗതി തീര്‍ന്നെന്നറിഞ്ഞു അടുക്കളയില്‍നിന്നും പാഞ്ഞെത്തി.

         “എങ്ങനെയുണ്ട്?  വായിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ബീവിയോടു തിരക്കി.

           "ഹോ, രണ്ടുകൊല്ലം മൊഹബത്തും കൊണ്ടെന്റെ പൊറകെ നടന്നിട്ടും ഇങ്ങക്കിതു പോലൊന്ന് എയ്തിതര്വാനായിക്കില്ല!" ബീവിയുടെ മുഖത്ത്  ചെറിയോരസൂയയും നിരാശയും കൂടിക്കലരുന്നത് കണ്ടു ഒരു പൊട്ടിച്ചിരിയോടെ ഞാനവളുടെ കവിളില്‍ നുള്ളി.

      പിറ്റേന്ന് രാവിലെ സംഗതി ഞാന്‍ മുജീബിനു കൈമാറി.വായിച്ചു നോക്കിയതിനു ശേഷം 'അസ്സലായിട്ടുണ്ട്' എന്നൊരഭിപ്രായപ്രകടനത്തോടെ പോക്കെറ്റില്‍ അവനതു ഭംഗിയായി മടക്കിവെച്ചു.ഈയൊരെണ്ണം എഴുതിതീര്‍ക്കുവാന്‍ വേണ്ടി ഞാനനുഭവിച്ച പ്രാണസങ്കടത്തെക്കുറിച്ചു അവനു ഞാന്‍ ചെറിയൊരു  സൂചന മാത്രമേ നല്‍കിയുള്ളൂ.അവനോടു ആ പ്രാണസങ്കടം വാക്കുകളിലൂടെ  വിശദീകരിക്കുവാന്‍ എനിക്കാവുകയില്ല.അഥവാ, ആയാല്‍ത്തന്നെ അവനൊട്ടു മനസിലായെന്നും വരില്ല.

             "ബഷീര്‍ക്കാ, ഇങ്ങള് വൈക്കം മുഹമ്മദു ബഷീറിനെക്കാളും വല്ല്യ ബഷീറാകും."ഞാന്‍ ചെയ്തുകൊടുത്ത  ഉപകാരത്തിനു അവന്‍ തന്റെ നന്ദി അറിയിച്ചത് ഈ ആശീര്‍വാദ പ്രകടനത്തോടെയാണ്. ബഷീറെന്ന  ആനയുടെയും ഞാനെന്ന ഉറുമ്പിന്റെയും സ്ഥിതികളറിയാവുന്ന ഞാനവനോടെന്ത് പറയുവാനാണ്!
            
      എഴുത്തുകൂലിയായി ഒരു ചായയും കേസരിയും വാങ്ങിത്തന്നു അവന്‍ . കേസരിയുടെ മധുരം നുണഞ്ഞിറക്കവേ, തലേരാത്രി ഞാനനുഭവിച്ച ധര്‍മ്മസങ്കടങ്ങള്‍ക്കും പ്രാണവേദനകള്‍ക്കും ഇതൊരു പ്രതിഫലമേ ആകുന്നില്ലല്ലോ എന്നാണു ഞാന്‍ ഖിന്നനായത്.

     പണിസൈറ്റിലേക്കു പോകുമ്പോള്‍ ഞാന്‍ മുജീബിനോട് ചോദിച്ചു: "ഇന്നിത് കൊടുക്കുന്നില്ലേ മുജീബെ?അതോ അതിനും ഞാന്‍ തന്നെ മാണോ?"

        “കൊടുക്കലെല്ലാം ഞാന്‍ തന്നെ കൊടുത്തോളാം ബഷീര്‍ക്കാ....ഓള് കോളേജുംവിട്ടു വൈകുന്നേരമൊന്നു വന്നോട്ടെ..."

    വൈകുന്നേരം സുഹറയ്ക്ക്‌ കത്ത് കൈമാറിയതായി പിറ്റേന്ന് മുജീബ് എന്നോട് പറഞ്ഞു.അവള്‍ മറുപടി ഇന്ന് വൈകുന്നേരം തരുമെന്നും.

   സംഗതികളുടെ പുരോഗതി മുജീബില്‍ നിന്നും അറിയുന്ന മുറയ്ക്ക് ഞാന്‍ ബീവിയെ അറിയിച്ചു കൊണ്ടിരുന്നു. അതറിയുവാന്‍ പെണ്‍സഹജമായ ജിജ്ഞാസയോടെ അവള്‍ എല്ലാ വൈകുന്നേരവും തിരക്കുമായിരുന്നു.

    സുഹ്റ അനുകൂലമായ മറുപടി കൊടുത്തെന്നും ഞാനെഴുതിക്കൊടുത്ത പ്രണയലേഖനം അവളുടെ ഹൃദയം കവര്‍ന്നെന്നും മുജീബ് അറിയിച്ചപ്പോള്‍ ഞാനെന്ന എഴുത്തുകാരന്‍ ധന്യനായി.

    മുജീബിന്റെയും സുഹ്റയുടെയും പ്രണയം ദിവസം ചെല്ലുംതോറും പുരോഗതി പ്രാപിക്കുന്നതറിഞ്ഞു, പ്രണയമെന്ന മധുരവികാരത്തിന്റെ സുഖവും നോവും രണ്ടുവര്‍ഷത്തോളം അറിഞ്ഞനുഭവിച്ച എനിക്കും ബീവിക്കും അവരെ സഹായിക്കുവാന്‍ കഴിഞ്ഞതിലുള്ള ചാരിതാര്‍ത്ഥ്യത്തിനും സന്തോഷത്തിനും അതിരുകളില്ലായിരുന്നു. പക്ഷെ, ആ സന്തോഷത്തിനു ഒരു കുമിളയുടെ ആയുര്‍ദൈര്ഘ്യമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഞങ്ങള്‍ക്കറിയില്ലായിരുന്നു.
             
     കുറച്ചു ദിവസങ്ങള്‍ക്കു ശേഷമുള്ള ഒരു വൈകുന്നേരം വീട്ടുമുറ്റത്തതാ നില്‍ക്കുന്നു ഇറച്ചിവെട്ടുകാരന്‍ അയ്മദിക്ക....! കയ്യില്‍ ഇറച്ചി വെട്ടുന്ന കത്തി..!! കൂടെ മുജീബുമുണ്ട്. രണ്ടുപേരുടെയും ഒന്നിച്ചുള്ള ആ വരവത്ര പന്തിയല്ലല്ലോ എന്ന് വിചാരിച്ചുകൊണ്ട്‌ ഞാന്‍ ചോദിച്ചു:  

       “എന്താ അയ്മ്ദിക്കാ..?

       “എന്താന്ന് ഇനിക്കറിഞ്ഞൂടാ അല്ല ബലാലെ? മറുപടിയായുള്ള അയ്മദിക്കയുടെ ചീറ്റല്‍ കേട്ട് എന്റെ നെഞ്ചിലൊരാന്തലുണ്ടായി.

     “ഞ്ഞി എന്ന് മൊതല്‍ക്കാ കതെയ്ത്തെല്ലാം നിര്‍ത്തി കത്തെയ്തിക്കൊടുക്കല്  തൊടങ്ങ്യേ? 

    ഡും! ഒരു വലിയ പൊട്ടിത്തെറിയുണ്ടായത്പോലെ ഞാന്‍ നടുങ്ങി മുജീബിനെ നോക്കി.ഇപ്പോഴാണ് ഞാനവനെ ശരിക്ക് ശ്രദ്ധിച്ചതും.അടികൊണ്ടു തിണര്‍ത്ത കവിളുകളും പൊട്ടി ചോരയൊഴുകുന്ന ചിറിയും ഉലഞ്ഞുനാശമായ ഉടുവസ്ത്രങ്ങളുമൊക്കെയായാണ്  മുജീബിന്റെ നില്‍പ്പ് .  

          “അയ്മദിക്ക എന്തുന്നാ പറേന്നെ...? എനക്കൊന്നും തിരീന്നില്ല.."ഞാന്‍ ഉരുണ്ടുകളിച്ചു രക്ഷപ്പെടുവാന്‍ തീര്‍ച്ചപ്പെടുത്തി .

          “ഫ്ഭ, അറാം പെറന്നോനെ! അനക്കൊന്നും തിരീന്നില്ല അല്ലെ..?ഇഞ്ഞ്യല്ലേ ഈ ഹമുക്കിനു ഇതെയ്തിക്കൊടുത്തത് ..?ന്റെ മോള് സൂറാക്ക് കൊടുക്ക്വാന്‍.? അയ്മദിക്ക ചുളുങ്ങി നാശമായ ഒരു പേപ്പറെടുത്തു എന്റെ നേരെ വീശിക്കാണിച്ചു.

    ആ കടലാസ് കണ്ടപ്പോള്‍ , ഞാനനുഭവിച്ച പ്രാണസങ്കടത്തിന്റെയും പേറ്റുനോവിന്റെയും ഓര്‍മ്മ എന്നിലേക്ക്‌ ഇരച്ചുവന്നു.എന്റെ നെഞ്ചു നൊമ്പരംകെട്ടി വിങ്ങി.ഒച്ചപ്പാട് കേട്ട്  പുറത്തേക്കുവന്ന ബീവി സംഗതി വലിയ ഗുലുമാലായെന്നു കണ്ടു വിളറിവിയര്‍ത്ത് ഉമ്മറത്തെ തൂണിലേക്ക് ചാരി.  

           “മാനത്തോടെ കയിഞ്ഞു കൂടുന്ന പെണ്‍കുട്ട്യോളെ ചീത്തയാക്കാന്‍ ചെക്കമ്മാരേം കൊണ്ട് ഇറങ്ങീരിക്ക്വാ ഞ്ഞി ല്ലേ..?ഇഞ്ഞി പ്രേമിച്ചിട്ടാ നിക്കാഹു കയിച്ചേന്നും വെച്ചിട്ട്  നാട്ടിലുള്ള സകല വാല്യെക്കാരേം പ്രേമിപ്പിച്ചിട്ടെ നിക്കാഹു കയിക്ക്വാന്‍ വിടൂള്ളൂന്നാ അന്റെ വിചാരം? ഏ..?

   അയ്മദിക്ക കത്തിക്കേറുകയാണ്.ശകാരവര്‍ഷത്തില്‍ കുതിര്‍ന്നു കണ്ണുംമിഴിച്ചു ഉമിനീര്‍വിഴുങ്ങി നില്‍ക്കുവാനേ എനിക്ക് കഴിഞ്ഞുള്ളു.എന്റെ ഉരിയാട്ടമില്ലായ്മ കണ്ടു കൂടുതല്‍ ഊര്‍ജ്ജസ്വലനായി അയ്മദിക്ക തുടര്‍ന്നുകൊണ്ടിരുന്നു.

         “ഇഞ്ഞി വെല്ല്യ കതേം കുന്തോം മറ്റേ കൊടച്ചക്രോല്ലാം എയ്തുന്നുണ്ടെങ്കി അതുംകൊണ്ട് മര്യാദയ്ക്ക് കുത്തിര്‍ന്നാ മതി..അല്ലാണ്ട്, പെണ്‍കുട്ട്യേക്ക് കത്തെയ്തിക്കൊടുത്തിട്ടു പ്രേമിപ്പിക്കുന്ന വിസിനസിനൊന്നും എറങ്ങണ്ട...കേട്ടുക്കോ ഇഞ്ഞി, അറാംപെറപ്പു പെറന്ന ഹമുക്കേ...!"

      അയ്മദിക്കയുടെ ഇടിമിന്നല്‍ ഗര്‍ജ്ജനം കേട്ട് അപ്പുറത്തും ഇപ്പുറത്തുമെല്ലാം കൂണുപോലെ തലകള്‍ മുളച്ചുപൊന്തിത്തുടങ്ങിയിരുന്നു.
            
     ശെ, ആകെ നാണക്കേടായി! തൊലിയുരിഞ്ഞു പോകുന്നതുപോലെ തോന്നിയ ഞാന്‍ ധൈര്യം സംഭരിച്ചു അയ്മദിക്കായുടെ അടുത്തേക്ക്  ചെന്നു.മൂപ്പരുടെ കയ്യിലിരിക്കുന്ന ഇറച്ചിക്കത്തിക്കിടക്കിടെ ഓട്ടക്കണ്ണിട്ടു നോക്കിക്കൊണ്ട്‌.
            
              “അയ്മദിക്ക, ഇങ്ങള്  പ്രശ്നോന്നുണ്ടാക്കരുത്...ഒരബദ്ധം പറ്റിപ്പോയതാ..ഈ മുജീബിന്റെ നിര്‍ബന്ധംകൊണ്ടാ ഞാന്‍…
                  
      ഏതു ഗതികെട്ട നേരത്താടാ നിനക്കാ ദുര്‍ബുദ്ധിയും കൊണ്ടിങ്ങോട്ടു കയറിവരാന്‍ തോന്നിയത് ഇബിലീസേ എന്ന മട്ടില്‍ ഞാന്‍ രൂക്ഷമായി മുജീബിനെ നോക്കി.അവന്‍ തലകുനിച്ചുകളഞ്ഞു.
                  
                 “എന്തബത്തം? കുരുത്തക്കേട്‌ ണ്ടാക്കീട്ടു അബത്തം പറ്റിപ്പോയീന്നോ..? അനക്ക് കേക്കണോ, ഇക്കത്തുകാരണം സൂറ ഓള്‍ടെ കോളേജിലാകെ നാറി...ഓള പടിപ്പിക്കുന്ന മാഷുക്ക് ഓള്‍ടെ പടിക്കുന്ന ബുക്കിന്റുള്ളീന്നാ ഇത് കിട്ട്യേ...മാഷു അന്നേരെ ഞമ്മളെ ബിളിപ്പിച്ചു...മാഷു ഒളേം ഞമ്മളേം കൂട്ടംകൂട്യേനു ഒരു കണക്കൂല്ലാ...നി മേലാലിങ്ങനോന്നൂണ്ടാവൂല്ലാന്നു കാലുപിടിച്ചു പറഞ്ഞിട്ടാ ഓലൊന്നു അയഞ്ഞന്നെ...തിരിഞ്ഞോ അനക്ക് ഇബിലീസിനുണ്ടായ ബെടക്കെ...?
            
     അപ്പോള്‍ അതാണ് കാര്യം!അന്നേരം അയ്മ്ദിക്ക മുജീബിനെ പിടിച്ചിട്ടുണ്ടാവും.നല്ലോണമൊന്നു കൊടുത്തപ്പം മുജീബ് എല്ലാം തത്ത പറയുംപോലെ പറഞ്ഞുമിരിക്കും.എന്നാലും മുജീബേ, ഒരുപാടീറ്റുനോവെടുത്തു അക്കത്തെഴുതിത്തന്ന എന്നെയൊറ്റിക്കൊടുക്കെണ്ട യാതൊരാവശ്യവും തനിക്കില്ലായിരുന്നു.ഞാന്‍ മുജീബിനെ നോക്കി. വൈക്കം മുഹമ്മദു ബഷീറിനെക്കാളും വലിയ ബഷീറാവും എന്നെയെന്നാശീര്‍വദിച്ച അവന്‍ഇപ്പോഴും തലയും കുമ്പിട്ടു നില്‍ക്കുകയാണ്.ഇപ്പറയുന്നതൊന്നും തന്നെ ബാധിക്കുന്ന പ്രശ്നമേയല്ലെന്ന മട്ടില്‍ !  

      “അയ്മദിക്കാ...സംഗതി എനക്കൊരു തെറ്റ് പറ്റിപ്പോയി...ങ്ങളത് സാബൂറാക്ക്...എന്താ മാണ്ട്യെന്നു വെച്ചാ ഞാനത്  ചെയ്തുതരാം..ങ്ങളെന്നെ നാണം കെടുത്തരുത്..."ഞാന്‍ അയ്മദിക്കയുടെ കാല്‍ക്കല്‍ വീഴാന്‍പോലും സന്നദ്ധനായി നിന്നു.  

       “ഇനി ഇഞ്ഞി എന്ത് ചെയ്തിറ്റെന്താ...?സൂറേം ഞമ്മളും നാറാനുള്ളത് നാറി...! ഇനി മേലാല് ഇഞ്ഞി ഇങ്ങനത്തെ ബെടക്കത്തരത്തിനു എറങ്ങരുത്...എറങ്ങ്യാല് ഇച്ചേലുക്കാരിക്കൂല ഇനി ഞമ്മട വരവ്..!അതേ ഞമ്മക്ക്  അന്നോട്‌ പറ്യാനുള്ളൂ..."അയ്മദിക്ക അയഞ്ഞു തുടങ്ങിയപ്പോള്‍ എന്റെ ശ്വാസം നേരെ വീണു.

     “ഇന്നാ അന്റെ കത്ത്...!"അയ്മദിക്ക കത്ത് ചുരുട്ടിക്കൂട്ടി എന്റെ മുന്നിലെയ്ക്കെറിഞ്ഞു. 

   മൂപ്പര്‍ കൂട്ടംകൂടലുമായി വീണ്ടും മുജീബിന്റെ നേര്‍ക്ക്‌ തിരിഞ്ഞപ്പോള്‍, ചൂളി നില്‍ക്കുന്ന മുജീബിനെ രക്ഷിക്കാനായി ഞാന്‍ സമാധാനവാക്കുകളുമായി അയ്മദിക്കയെ തണുപ്പിക്കുവാന്‍ ശ്രമിച്ചു. 

   അനുനയം പറഞ്ഞു മൂപ്പരെ ഒരുവിധം സമാധാനപ്പെടുത്തി പറഞ്ഞയച്ചു തിരിഞ്ഞുനോക്കിയപ്പോള്‍ മുജീബ് നിന്നിടം കാലിയായിരുന്നു.

    മുറ്റത്തു ചരല്‍മണ്ണില്‍ ചുരുണ്ടുകിടക്കുന്ന കടലാസ് കയ്യിലെടുത്തു ഉമ്മറത്തേക്ക്  കയറുമ്പോള്‍ ബീവിയുണ്ട് ഷോക്കേറ്റു മരവിച്ചതുപോലെ തൂണുംചാരി അതേ പോസില്‍ത്തന്നെ നില്‍ക്കുന്നു.     

   വ്രണിതഹൃദയത്തോടെ കയ്യിലിരുന്നു തുടിക്കുന്ന പ്രണയലേഖനവുമായി ഞാന്‍ ബീവിയുടെ തോളില്‍പിടിച്ചു അഭിമുഖമായി തിരിച്ചുകൊണ്ടു ചോദിച്ചു:

       “പേടിച്ചുപോയോ ബീവീ...?

         “ഇങ്ങള് പേടിച്ചില്ലേ..?ബീവി നിഷ്കളങ്കമായി എന്റെ കണ്ണുകളിലേക്കു നോക്കിചോദിച്ചപ്പോള്‍ ഒരു മാജിക്കുകാരനെപ്പോലെ ശൂന്യതയില്‍നിന്നും സൃഷ്ടിച്ചെടുത്ത പൊട്ടിച്ചിരിമാലയണിഞ്ഞ്  ഞാനവളെ മാറോടണച്ചു.
Related Posts Plugin for WordPress, Blogger...